യു.ഡി.എഫ് സ്ഥാനാർഥി വി.ടി. ബല്‍റാം പ്രചാരണത്തില്‍, എല്‍.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷിനെ ബൊക്കെ നൽകി സ്വീകരിക്കുന്നു
ആനക്കര: വീണ്ടുമൊരു തെരഞ്ഞെടുപ്പാവേശം കൊട്ടിക്കയറുമ്പോൾ തൃത്താലയില്‍ വികസനത്തെ ചൊല്ലി പോര്‍വിളി മുറുകുന്നു. യു.ഡി.എഫിന്‍റെ പതിറ്റാണ്ടിന്‍റെ വികസനവും എല്‍.ഡി.എഫിന്‍റെ അഞ്ച് വര്‍ഷത്തെ വികസനവും വിലയിരുത്തുന്നതിനായാണ് വെല്ലുവിളി. മണ്ഡലത്തിൽ രണ്ടാം തവണ മത്സരത്തിനിറങ്ങിയ എല്‍.ഡി.എഫ് സ്ഥാനാർഥി മന്ത്രി എം.ബി. രാജേഷാണ് യു.ഡി.എഫിന് വേണ്ടി നാലാം അങ്കത്തിനിറങ്ങിയ മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമിനെ വെല്ലുവിളിച്ചത്.
എന്നാല്‍, വെറുമൊരു പി.ആര്‍ വര്‍ക്ക് പ്രോഗ്രസ് ചീട്ടിന്‍റെ മറവിലുള്ള വെല്ലുവിളി സ്വീകരിക്കില്ലെന്നും തന്‍റെ പത്തുവര്‍ഷത്തെ വികസനം ജനങ്ങള്‍ വിലയിരുത്തട്ടെയെന്ന് ബല്‍റാം തിരിച്ചടിച്ചു. ബൽറാമിന്റെ കാലയളവിലെ വികസന പദ്ധതികളുടെ വീഡിയോകള്‍ ചിത്രീകരിച്ച് യു.ഡി.എഫ് പ്രചാരണം നടത്തുന്നുണ്ട്.
തൃത്താലയിലെ എല്‍.ഡി.എഫ് ആധിപത്യത്തിന് വിരാമമിട്ട് 2011ലാണ് വി.ടി. ബല്‍റാം കന്നിയങ്കത്തിലൂടെ തൃത്താലയെ കൈപ്പിടിയിലാക്കിയത്. അക്കാലത്ത് യു.ഡി.എഫ് ഭരണമായിരിക്കെ, തൃത്താലക്കാര്‍ അതുവരെ കാണാത്ത തരത്തില്‍ റോഡുകള്‍ ഉള്‍പ്പടെ വികസന പദ്ധതികള്‍ കൊണ്ടുവന്നു. 2016ല്‍ രണ്ടാം തവണയും തൃത്താലക്കാര്‍ ബല്‍റാമിനെ കൈവിട്ടില്ല. എന്നാല്‍, സംസ്ഥാന ഭരണം എല്‍.ഡി.എഫിനായി. വേണ്ടത്ര പദ്ധതികൾ കൊണ്ടുവരാൻ ബൽറാമിന് കഴിഞ്ഞില്ല. കൂറ്റനാട് പ്രധാന പാതയോരത്ത് നിർമിച്ച വഴിയിടം (ടേക്ക് ആൻഡ് ബ്രേക്ക്) കെട്ടിടം വിവാദമായി. പൊതുമരാമത്തില്‍നിന്ന് അനുമതി വാങ്ങിയെങ്കിലും ഇടതുപക്ഷം ഭരിക്കുന്ന നാഗലശ്ശേരി പഞ്ചായത്തില്‍നിന്ന് അനുമതിപത്രം വാങ്ങാത്തതിനാല്‍ തുറക്കാനാവാതെ നോക്കുകുത്തിയായി. കഴിഞ്ഞ ദിവസം റോഡ് വികസനത്തിന്‍റെ ഭാഗമായി ഇത് പൊളിക്കേണ്ടിയും വന്നു.
മന്ത്രിയെന്ന നിലയില്‍ രാജേഷ് കൂടുതല്‍ വികസനം കൊണ്ടുവന്നതായാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍. അവസാന വാരത്തില്‍ ഉദ്ഘാടനങ്ങളുടെ തരംഗം തന്നെ രാജേഷ് സൃഷ്ടിച്ചിട്ടുണ്ട്. രാജേഷിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും തൃത്താലയില്‍ വന്നിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ യു.ഡി.എഫിന്‍റെ വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകള്‍ യു.ഡി.എഫിനാണ്. ഇടത് ശക്തികേന്ദ്രങ്ങളായ നാഗലശ്ശേരിയും തിരുമിറ്റക്കോടുമാണ് എല്‍.ഡി.എഫിന് നിലനിര്‍ത്താനായത്. തിരുമിറ്റക്കോട് രണ്ട് സീറ്റിന്‍റെ ഭൂരിപക്ഷം മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ അംഗബലം തുല്യമായതിനാല്‍ നറുക്കെടുപ്പിലൂടെ ഇടതുപക്ഷത്തിന് ഭരണം ലഭിക്കുകയായിരുന്നു. പാര്‍ട്ടിക്കകത്തെ ചില വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇടത്-വലത് മുന്നണികളിലും ആശങ്കകള്‍ക്ക് വഴിവെക്കുന്നുണ്ടെങ്കിലും അവയെല്ലാം പരിഹരിച്ചതായാണ് നേതാക്കളുടെ പക്ഷം.
തൃശൂര്‍ പിടിച്ചെടുക്കുന്നതിന് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിച്ചെന്ന് പറയപ്പെടുന്ന ജയചന്ദ്രന്‍ മാസ്റ്ററാണ് എന്‍.ഡി.എ സ്ഥാനാർഥി. ഭുവനേശ്വറില്‍നിന്നുള്ള വനിത എം.പി സ്ഥലത്ത് ക്യാമ്പ് ചെയ്ത് എൻ.ഡി.എക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രചാരണത്തിന് തൃത്താലയില്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.