പാലക്കാട്: പൂരാടവും ഉത്രാടവും മഴയിൽ മുങ്ങിയതോടെ തിരുവോണവും മഴയിലാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. ജില്ലയിൽ ഉത്രാടദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ മഴയായിരുന്നു. ഇടക്ക് മഴ മാറിനിന്ന സമയങ്ങളിൽ മാത്രമാണ് വ്യാപാരികൾക്ക് അൽപം ആശ്വാസമായത്.
രാവിലെ മുതൽ ഇടവിട്ട് പെയ്ത മഴ വഴിയോര കച്ചവടക്കാർക്ക് വലിയ പ്രയാസമായി. വിൽക്കാൻ വെച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ, ബാഗുകൾ, പൂക്കൾ തുടങ്ങിയവയെല്ലാം ഷീറ്റ് കൊണ്ട് മറച്ചുവെച്ചാണ് മഴയെ പ്രതിരോധിച്ചത്. വാങ്ങാൻ ആളുകളും എത്താതിരുന്നതോടെ കച്ചവടത്തിൽ വലിയ ഇടിവുണ്ടായി. ഉച്ചയോടെ അൽപനേരത്തേക്ക് മഴ മാറിനിന്നെങ്കിലും വീണ്ടും പെയ്തത് ഉത്രാട ദിന വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു.
തിരുവോണത്തിന് സദ്യയൊരുക്കാനുള്ള അവസാന വട്ട ഓട്ടത്തിലായിരുന്നു ചൊവ്വാഴ്ച നാടും നഗരവും.
അത്തപൂക്കളത്തിനുള്ള പൂക്കൾ, സദ്യക്കുള്ള പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഓണക്കോടി, പാത്രങ്ങൾ തുടങ്ങി വിവിധ തരം സാധനങ്ങൾ വാങ്ങാനായി ആളുകൾ നിരത്തിലിറങ്ങി. പച്ചക്കറി മാർക്കറ്റിലാണ് കൂടുതലും തിരക്ക് അനുഭവപ്പെട്ടത്. മഴയാണെങ്കിലും നാടാകെ ബുധനാഴ്ച തിരുവോണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്.
ഓണക്കിറ്റ് വിതരണം
പാലക്കാട്: വെൽഫെയർ പാർട്ടി തോട്ടുങ്കൽ, പുതുപ്പള്ളിത്തെരുവ് യൂനിറ്റുകൾ സംയുക്തമായി തോട്ടുങ്കൽ ഉന്നതിയിൽ സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണവും ഓണം സൗഹൃദസംഗമവും ജില്ല വൈസ് പ്രസിഡന്റ് എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് പി. അഫ്സൽ അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റിയംഗം പി. ലുഖ്മാൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി. അബ്ദുൽ ഹക്കീം, ഇഖ്ബാൽ, സിജി എന്നിവർ നേതൃത്വം നൽകി. തോട്ടുങ്കൽ യൂനിറ്റ് പ്രസിഡന്റ് അമൃത നടരാജൻ സ്വാഗതവും ട്രഷറർ ജയലക്ഷ്മി നന്ദിയും പറഞ്ഞു. ഓണപ്പായസവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.