ഡി.ടി.പി.സി ഓണാഘോഷം 25 മുതല്‍ 28 വരെ; നാല് വേദികളിലായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

പാലക്കാട്: സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ല ഭരണകൂടം, ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ജില്ലതല ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 25 മുതല്‍ 28 വരെ സംഘടിപ്പിക്കും. പാലക്കാട് രാപ്പാടി ഓപണ്‍ എയര്‍ ഓഡിറ്റോറിയം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പോത്തുണ്ടി ഉദ്യാനം എന്നീ കേന്ദ്രങ്ങളിലായി വിപുലമായ കലാ-സാംസ്‌കാരിക പരിപാടികളാണ് നടക്കുക.

ആഗസ്റ്റ് 25ന് വൈകീട്ട് അഞ്ചിന് അത്താലൂര്‍ പി. ശിവദാസനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ രാപ്പാടി ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് കണ്യാര്‍കളി, പൊറാട്ടുകളി എന്നിവ അരങ്ങേറും. വൈകീട്ട് ആറിനാണ് ഉദ്ഘാടന സമ്മേളനം. രാത്രി 7.30ന് നൃത്തപരിപാടിയും നടക്കും.

26ന് വൈകീട്ട് 5.30ന് ദേവാശ്രയം ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളുടെ കലാപരിപാടികള്‍, ആറിന് രാമന്‍ സ്മാരക തിറ-പൂതന്‍ കളി സംഘം അവതരിപ്പിക്കുന്ന തിറയും പൂതനും, 6.30ന് വിപിന്‍ പുലവരും സംഘവും അവതരിപ്പിക്കുന്ന തോല്‍പ്പാവക്കൂത്ത്, രാത്രി 7.30ന് എസ്.എസ് മ്യൂസിക് ബാന്‍ഡ് പാലക്കാട് അവതരിപ്പിക്കുന്ന വയലിന്‍ ഫ്യൂഷന്‍ എന്നിവ ഉണ്ടാകും.

27ന് വൈകീട്ട് 5.30ന് എലവഞ്ചേരി ബേബീസ് കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി, ആറിന് വോയ്‌സ് ഓഫ് കലക്ടറേറ്റിന്റെ കരോക്കെ ഗാനമേള, രാത്രി ഏഴിന് ടി. പകാനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുനാടകം, 7.30ന് സ്വരാലയ പാലക്കാട് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ അരങ്ങേറും.

അവസാന ദിനമായ 28ന് വൈകീട്ട് 5.30ന് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 6.30ന് അട്ടപ്പാടി ഗോത്രകലാമണ്ഡലത്തിന്റെ ആട്ടം പാട്ട്, രാത്രി എട്ടിന് കൈതോല നാടന്‍ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ‘ലെഗസി ഫോക് മെഗാഷോ’ എന്നിവയോടെ ആഘോഷങ്ങള്‍ സമാപിക്കും.

മറ്റു വേദികളിലെ പരിപാടികള്‍

വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കില്‍ ആഗസ്റ്റ് 26ന് വൈകീട്ട് ആറിന് അനില്‍ ഏകലവ്യ ആലുവ അവതരിപ്പിക്കുന്ന ഗസല്‍, രാത്രി എട്ടിന് മിന്ത്യ ക്രിയേഷന്‍സിന്റെ മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും. 27ന് വൈകീട്ട് 6.30ന് തിരുവനന്തപുരം മൂട്ടഡ് പാട്ടുകൂട്ടം അവതരിപ്പിക്കുന്ന മലയാളം മെറ്റല്‍ ബാന്‍ഡ്, രാത്രി എട്ടിന് പാലക്കാട് നാട്ടുപൊലിക നാടന്‍ പാട്ടുസംഘത്തിന്റെ നാടന്‍പാട്ട് എന്നിവ ഉണ്ടാകും.

ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ആഗസ്റ്റ് 26ന് വൈകീട്ട് അഞ്ചിന് സപ്തസ്വരം ഓര്‍ക്കസ്ട്രയുടെ ‘മെലോഡിയസ് ഹിറ്റ്‌സ്’, 6.30ന് ചലച്ചിത്ര പിന്നണി ഗായകന്‍ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന ‘നാട്ടുഈണങ്ങള്‍’ എന്നിവ അരങ്ങേറും. 27ന് വൈകിട്ട് 5.30ന് ഡ്രീം ടീം ഓഫ് കൊച്ചിന്‍ കമ്യൂണിക്കേഷന്‍സിന്റെ സംഗീതസന്ധ്യയും 6.30ന് കോഴിക്കോട് ശ്രീലയ മ്യൂസിക് ബാന്‍ഡിന്റെ ‘ഓണം വൈബ്‌സും’ നടക്കും.

പോത്തുണ്ടി ഉദ്യാനത്തില്‍ ആഗസ്റ്റ് 26ന് വൈകീട്ട് 4.30ന് വിപിന്‍സ് നാട്യാലയയുടെ ‘നാട്യധ്വനി’, 5.30ന് സാരംഗ് ഓർകസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. 27ന് വൈകീട്ട് 4.30ന് ‘ഉണര്‍വ്’ അവതരിപ്പിക്കുന്ന കാവുവാദ്യവും ആറിന് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ആദിതാളം’ നാടന്‍പാട്ടുകളും കളികളും അരങ്ങേറും.

ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം

ശുചിത്വമിഷന്‍ നടപ്പാക്കുന്ന ഹരിത ഓണം 2026 കാമ്പയിനിന്റെ ഭാഗമായി ഓണാഘോഷങ്ങളിലെ മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനും കുറക്കുന്നതിനും ആഘോഷ വേദികളില്‍ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരോധിത ഡിസ്‌പോസിബിള്‍ വസ്തുക്കളും ഒഴിവാക്കി വീണ്ടും ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, തുണിസഞ്ചികള്‍, പുനഃചംക്രമണം ചെയ്യാവുന്ന ഉൽപന്നങ്ങള്‍ എന്നിവ ഉപയോഗിക്കണം. കുടിവെള്ളത്തിന് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം സ്റ്റീല്‍ ബോട്ടിലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. നിരോധിത പി.വി.സി ഫ്ലക്‌സിന് പകരം റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീന്‍, തുണി, ചണം തുടങ്ങിയവ ഉപയോഗിച്ച് ബാനറുകളും ഹോര്‍ഡിങ്ങുകളും തയാറാക്കണം.

ആഘോഷ വേദികളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കണം. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ജലസ്രോതസുകളില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. നിശ്ചിത ഇടവേളകളില്‍ ശുചീകരണവും മാലിന്യനീക്കവും ഉറപ്പാക്കണം. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വ്യാപാരികള്‍, ഹോട്ടലുകള്‍, കാറ്ററിങ് യൂനിറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഹരിതചട്ടം പാലിക്കണമെന്ന് ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.

സുരക്ഷിത ജലയാത്ര ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മാരിടൈം ബോര്‍ഡ്

ഓണാവധിയോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സുരക്ഷിത ബോട്ട് യാത്ര ഉറപ്പാക്കാന്‍ ബോട്ടുടമകള്‍ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയോ സാധുവായ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ നിയമാനുസൃത രേഖകളില്ലാതെയോ സര്‍വിസ് നടത്താന്‍ പാടില്ല. നിയമപ്രകാരമുള്ള ലൈഫ് ജാക്കറ്റുകള്‍ എല്ലാ യാത്രക്കാരും ധരിക്കുന്നുണ്ടെന്ന് ബോട്ടുടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. യോഗ്യരായ ജീവനക്കാരെ മാത്രമേ ജലയാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നിയോഗിക്കാവൂ.

ഓരോ ജലയാനത്തിലും അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. അനുവദിച്ച യാത്രാശേഷി മലയാളത്തിലും ഇംഗ്ലീഷിലും യാത്രക്കാര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. ഓരോ യാത്രക്കും മുമ്പ് ബോട്ടുകളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും പരിശോധിക്കുകയും മതിയായ സുരക്ഷ ഉപകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

അനുവദിക്കപ്പെട്ട സോണുകളില്‍ മാത്രമേ സര്‍വിസ് നടത്താവൂ, ജലാശയങ്ങളിലേക്ക് മാലിന്യം വലിച്ചെറിയരുത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ജലയാനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു

Tags:    
News Summary - Palakkad District-Level Onam Celebrations to Begin on August 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.