തെരുവുവിളക്ക് പരിപാലനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഒറ്റപ്പാലം നഗരസഭ കാര്യാലയത്തിന് മുന്നിൽ സംഘടിപ്പിച്ച പാതിരസമരം
ഒറ്റപ്പാലം: ആഗസ്റ്റ് 31നകം നഗരസഭയിലെ മുഴുവൻ തെരുവുവിളക്കുകളും കത്തിക്കാൻ ധാരണയായി. തിങ്കളാഴ്ച രാത്രി മെഴുകുതിരികളുടെയും ശരറാന്തലിന്റെയും വെട്ടത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച പാതിരസമരത്തെ തുടർന്ന് വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. അവധിദിവസമായിട്ടും ചൊവ്വാഴ്ച രാവിലെ ചേർന്ന യോഗത്തിൽ നഗരസഭ അധ്യക്ഷ എം.കെ. ജയസുധ, ഉപാധ്യക്ഷൻ കെ. രാജേഷ്, നഗരസഭ സെക്രട്ടറി എ.എസ്. പ്രദീപ്, കൗൺസിലർമാരായ എൻ.കെ. ജയരാജൻ, മുഹമ്മദലി നാലകത്ത്, കെ.കെ. ഉണ്ണികൃഷ്ണൻ, സജീഷ് കൃഷ്ണൻ എന്നിവരും കരാറുകാരനും പങ്കെടുത്തിരുന്നു.
മുഴുവൻ തെരുവുവിളക്കുകളും കത്തിക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ നഗരസഭ അധികൃതർ കരാറുകാരന് നിർദേശം നൽകിയതായും ഇനി വീഴ്ച വരുത്തുന്ന പക്ഷം കരാർ റദ്ദാക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളുമായി നഗരസഭ മുന്നോട്ട് പോകുമെന്നും നഗരസഭ അധികൃതർ ധരിപ്പിച്ചതായും കോൺഗ്രസ് കൗൺസിലർമാർ അറിയിച്ചു.
തെരുവുവിളക്ക് പരിപാലനത്തിലെ പരാജയം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പാതിരസമരം. പാതിര സമരത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ നിർവഹിച്ചു.
നഗരസഭ കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവ് എൻ.കെ .ജയരാജൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മുഹമ്മദലി നാലകത്ത്, സജീഷ് കൃഷ്ണൻ, നേതാക്കളായ എം.എ. സിദ്ധിക്ക്, എൻ.കെ. കൃഷ്ണൻകുട്ടി, പ്രഫ. സജീവ് കടമ്പാട്ട്, സി.പി. ഷറഫലി, അബു കുമ്മാംപാറ, ഷാജി വീരമംഗലം, പി. അബ്ദുൾ കലാം, പി.ടി. അമൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.