പാലക്കാട്: കായ വറുക്കുന്ന വ്യവസായ സംരംഭം തുടങ്ങാൻ ആഗ്രഹിച്ച വീട്ടമ്മക്ക് ഇന്റർലോക്ക് കല്ലുകൾ എത്തിച്ചുനൽകാമെന്ന് പറഞ്ഞ് മുൻകൂറായി 70,000 രൂപ മുൻകൂർ പണം വാങ്ങിയ ശേഷം വാക്കുപാലിക്കാതെ കബളിപ്പിച്ചതിന് ഇഷ്ടിക കമ്പനിയുടമ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ വിധി. 10,000 രൂപ കോടതി ചെലവും നൽകണം. കൂടാതെ കൈപ്പറ്റിയ തുക 10 ശതമാനം പലിശ സഹിതം തിരിച്ചുനൽകണമെന്നും പ്രസിഡന്റ് വി. വിനയ് മേനോൻ, മെമ്പർമാരായ എ. വിദ്യ, എൻ.കെ. കൃഷ്ണൻകുട്ടി എന്നിവരടങ്ങിയ കമീഷൻ വിധിച്ചു.
പാലക്കാട് എരുത്തേമ്പതിയിലെ ശ്രീഹരി ഫുഡ്സ് ഉടമ ശ്രീദേവി മൂന്ന് വർഷം മുമ്പ് സ്വന്തമായി കായ വറുക്കുന്ന വ്യവസായ സംരംഭം തുടങ്ങുന്നതിന് അടുക്കളമുറി നിർമിക്കുന്നതിന് മണ്ണാർക്കാട് കോട്ടപ്പുറം ആദി ബ്രിക്സ് എന്ന സ്ഥാപനത്തെ ബന്ധപ്പെടുകയും ഉടമ ആവശ്യപ്പെട്ടതനുസരിച്ച് 2000 ഇന്റർലോക്ക് കല്ലുകൾക്ക് 70,000 രൂപ നൽകുകയും ചെയ്തിരുന്നു. മണ്ണാർക്കാട്ടുനിന്ന് എരുത്തേമ്പതിയിലെ വീട്ടിലെത്തിക്കാൻ ഡെലിവറി ചാർജ് 7000 രൂപ വേണമെന്നും അത് ഡെലിവറി സമയത്ത് ഡ്രൈവർ വശം കൊടുത്താൽ മതിയെന്നുമായിരുന്നു സ്ഥാപന ഉടമ പറഞ്ഞിരുന്നത്. അത് സമ്മതിച്ച് ശ്രീദേവി സ്വന്തം സ്വർണാഭരണങ്ങൾ പണയം വെച്ചാണ് 70,000 രൂപ അയച്ചുകൊടുത്തത്. എന്നാൽ, തുക കൈപ്പറ്റിയ ശേഷം ഇന്റർലോക്ക് കല്ലുകൾ വീട്ടിൽ എത്തിക്കാൻ 18,000 രൂപ ആവശ്യപ്പെട്ട് ഇയാൾ കബളിപ്പിക്കുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതോടെ ശ്രീദേവിക്ക് 15,000 രൂപ തിരികെ കിട്ടി. എന്നാൽ, സാമ്പത്തിക വിഷയം ആയതിനാൽ പൊലീസ് ഉപഭോക്തൃ കോടതിയെ സമീപിക്കാൻ ഉപദേശിച്ചു. തുടർന്ന് അഡ്വ. രതീഷ് ഗോപാലൻ മുഖേന ശ്രീദേവി ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷന് പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.