പാലക്കാട് - തിരുച്ചെന്തൂർ
എക്സ്പ്രസിലെ തിരക്ക്
ട്രെയിനുകളിൽ തിക്കും തിരക്കും; നഷ്ടത്തിലെന്ന് റെയിൽവേ
പാലക്കാട്: പൊള്ളാച്ചി റൂട്ടിൽ ഓടുന്ന വിരലിലെണ്ണാവുന്ന ട്രെയിനുകളിൽ യാത്രക്കാർ തിക്കിത്തിരക്കുമ്പോഴും നഷ്ടം ചൂണ്ടികാട്ടി അധിക ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ.
ഏതാനും മാസങ്ങളായി പാലക്കാട് - തിരിച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ മിക്ക ബോഗികളിലും യാത്രക്കാരുടെ വലിയ തിരക്കുണ്ട്. ഇത്രയധികം പേർ പാലക്കാട് നിന്ന് പഴനി, മധുര തുടങ്ങിയ പ്രദേശങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ യാത്രക്കാർ കുറവാണെന്നാണ് റെയിൽവേ ഭാഷ്യം.
അടിസ്ഥാന രഹിതമായ വാദം ഉന്നയിച്ച് നിക്ഷിപ്ത താൽപര്യക്കാർ കൂടുതൽ ട്രെയിൻ സർവീസുകൾ തടയുകയാണെന്ന് ആനമല റെയിൽ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സി. മുരുകൻ പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രി, കേന്ദ്ര റെയിൽവേ ബോർഡ്, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ തുടങ്ങിയവർക്കെല്ലാം റെയിൽവേ യാത്രക്കാരുടെ കൂട്ടായ്മകളും ജനപ്രതിനിധികളും നിവേദനങ്ങൾ നൽകിയും അധികൃതർക്ക് അനക്കമില്ല. പാലക്കാട് -പൊള്ളാച്ചി റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് റെയിൽവേ ബോർഡ് യോഗത്തിൽ തമിഴ്നാട് ജനപ്രതിനിധികളും ആവശ്യപ്പെട്ടെങ്കിലും റെയിൽവേ മുഖം തിരിക്കുന്ന നിലപാട് തുടരുകയാണ്.
പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് മധുര, പഴനി , നാഗൂർ ഏർവാടി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് നിരവധി പേരാണ് യാത്ര ചെയ്യുന്നത്. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എല്ലാ കമ്പാർട്ട്മെന്റിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്ന് യാത്രക്കാർ പറയുന്നു. പാലക്കാട്- പൊള്ളാച്ചി പാത ബ്രോഡ്ഗേജ് ആക്കുന്നതിന്റെ ഭാഗമായി നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കാൻ റെയിൽവേ തയാറായിട്ടില്ല. പാലരുവി എക്സ്പ്രസ്, എറണാകുളം മെമു എന്നിവ പൊള്ളാച്ചിയിലേക്ക് നീട്ടണമെന്ന പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളുടെ ആവശ്യവും ഫയലുകളിൽ ഉറങ്ങുകയാണ്.
മധുര- തിരുവനന്തപുരം റൂട്ടിലെ അമൃത എക്സ്പ്രസ്, ചെന്നൈ - പാലക്കാട് എക്സ്പ്രസ്, പാലക്കാട് -തിരിച്ചെന്തൂർ എക്സ്പ്രസ് ട്രെയിനുകളിൽ തിരക്ക് വർധിക്കുമ്പോഴും കൂടുതൽ പാസഞ്ചറുകൾ അനുവദിക്കാത്തതിനെതിരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.