‘മുടിയനായ പുത്രനായാലും അമ്മയുടെ കുടിച്ച പാല് വിഷമാണെന്ന് പറയരുത്, കൊലമരത്തിന് മുന്നിൽ കുനിക്കാത്ത കമ്യൂണിസ്റ്റുകാരുടെ തല ജനങ്ങൾക്ക് മുന്നിൽ കുനിക്കും’; എൻ.എൻ. കൃഷ്ണദാസ്

പാലക്കാട്: എത്ര ദുർനടപ്പുകാരനായാലും മുടിയനായ പുത്രനായാലും അമ്മയുടെ കുടിച്ച പാല് വിഷമാണെന്ന് പറയരുതെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ്. കെ.എസ്.കെ.ടിയു മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പാർട്ടിയിൽനിന്ന് കിട്ടേണ്ടതൊക്കെ കിട്ടിയ ശേഷം ഇനി ഒന്നും കിട്ടാനില്ലെന്ന് വരുമ്പോൾ അപ്പുറത്ത് പോയി കൊഞ്ഞനം കാട്ടുന്ന ചിലരുണ്ടെന്നും സി.പി.എം വിട്ട പി.കെ. ശശിയുടെ ​പേര് പറയാതെ അദ്ദേഹം പറഞ്ഞു.

‘14 ദിവസത്തെ പഠന ക്ലാസ് പോയി തന്റെ കാലം വെറുതെ പോയതായി ഒരു വിദ്വാൻ എവിടെയോ പ്രസംഗിച്ചത് കേട്ടു. 14 ദിവസ പഠന ക്ലാസ് എവി​ടെയും ഉണ്ടായിട്ടില്ല. എത്ര ദുർനടപ്പുകാരനായാലും മുടിയനായ പുത്രനായി മാറിയാലും അമ്മയുടെ കുടിച്ച പാല് വിഷമാണെന്ന് പറയരുത് സ്നേഹിതരെ. അത് മാതൃത്വത്തെ തള്ളി പറയലാണ്. എത്ര സാമൂഹ്യ ദ്രോഹിയായി പോയാലും അമ്മയുടെ പാല് കുടിച്ചത് വിഷമാണെന്ന് എങ്ങനെ പറയും? അദ്ദേഹം ഈശ്വര വിശ്വാസിയാണെന്ന് ഇടക്കിടക്ക് പറയുന്നുണ്ട്, അതിന് അദ്ദേഹത്തിന് കിട്ടിക്കോളും. എനിക്ക് അങ്ങനെ വിശ്വാസം ഉള്ള ആളല്ല. ചില മക്കൾ ത​ന്തോന്നിയായി പോയിട്ടുണ്ടാവും. മുടിയന്മാരായി പോയിട്ടുണ്ടാവും. എന്നാലും ചെറുപ്പത്തിൽ കുടിച്ച പാല് വിഷമായിരുന്നു എന്ന് പറയരുത്. അതൊന്നും മനുഷ്യത്വം ഇല്ലാത്തതാണ്. 

പലരും പലകാലങ്ങളിലും പാർട്ടിയെ എതിർത്തു പോയിട്ടുണ്ട്. ഗൗരിയമ്മ ഉൾപ്പെടെ പോയവരൊക്കെK മരിക്കുമ്പോൾ ആ കൊടി തന്നെ വേണം എന്റെ മേലിടാൻ എന്ന് പറഞ്ഞവരാണ്. ‘എപ്പോഴാ മരിക്കുക എന്ന് അറിയില്ല, നമ്മളൊക്കെ മരിക്കുമ്പോൾ ആ കൊടി തന്നെ വേണം എന്റെ മേലിടാൻ’ -എന്ന് വിഎസ്സിനോടാണ് ഗൗരിയമ്മ പറഞ്ഞത്. എങ്ങനെയാണോ കേരളത്തിൽ ഗൗരിയമ്മയ്ക്ക് ആദരവ് കിട്ടേണ്ടത് അതേ ആദരവോടുകൂടിയാണ് മൃതദേഹം വലിയ ചുടുകാട്ടിൽ ഞങ്ങളുടെ പാർട്ടി സംസ്കരിച്ചത്. ഇതൊക്കെ എല്ലാവരും ഓർത്തുവെക്കുന്നത് നല്ലതാണെന്ന് മാത്രമേ പറയുന്നുള്ളൂ.

ഞങ്ങളൊക്കെ ഈ പാർട്ടിയുടെ ദാസന്മാരാണ്. ജനങ്ങളല്ലേ പാർട്ടി. ജനങ്ങൾ ഇല്ലാതെ പാർട്ടിയില്ല. പാലക്കാട് കോട്ടയിൽ ഇഎംഎസ് വന്ന് പ്രസംഗിച്ചത് ഓർമയുണ്ട്. ‘കമ്മ്യൂണിസ്റ്റുകാരുടെ ഈ തലയും കമ്മ്യൂണിസ്റ്റുകാരുടെ ഈ കൊടിയും ഒരു കൊലമരത്തിനും ഒരു ജയിലറയ്ക്കും മുന്നിൽ ഞങ്ങൾ കുനിച്ചിട്ടില്ല. ഒരു വെടിയുണ്ടയുടെ മുന്നിലും ഞങ്ങൾ തിരിഞ്ഞു നിന്നിട്ടില്ല. എന്നാൽ, കൊലമരത്തിനും ജയിലറയ്ക്കും മുന്നിൽ കുനിക്കാത്ത കമ്മ്യൂണിസ്റ്റുകാരുടെ തല നിങ്ങൾ ജനങ്ങളുടെ മുന്നിൽ കുനിച്ചു നിൽക്കും, കൈകെട്ടി നിൽക്കും. കാരണം നിങ്ങളാണ് പാർട്ടി, ജനങ്ങളാണ് പാർട്ടി, ജനങ്ങളുടെതാണ് പാർട്ടി, ജനങ്ങളില്ലാതെ എന്ത് പാർട്ടി’ എന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്.

ഞങ്ങൾക്ക് എന്തെങ്കിലും പിശകുണ്ടായി എന്ന് നിങ്ങൾ പറഞ്ഞാൽ കൈകെട്ടി കേട്ടുനിൽക്കും. കാരണം നിങ്ങളാണ് പാർട്ടി. ഇഎംഎസിനേക്കാൾ വലിയ ഒരാൾ ഈ പാർട്ടിയിൽ ജനിച്ചിട്ടുണ്ടെന്ന് വിചാരിക്കാത്ത ഒരാളാണ് ഞാൻ. ഇഎംഎസ്സിനെക്കാളും വലിയ ഒരാൾ ഉണ്ടായിട്ടില്ല ഈ പാർട്ടിയിൽ. കാൾ മാർക്സ് കഴിഞ്ഞാൽ നാലാമത്തെ ഫോട്ടോ ആക്കി വെക്കുന്ന ആള് ഇഎംഎസ് ആണ് എന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. അങ്ങനത്തെ ഇഎംഎസാണ് പറഞ്ഞത് ഞങ്ങൾക്ക് എന്തെങ്കിലും പിശകുണ്ടായി എന്ന് നിങ്ങൾ പറഞ്ഞാൽ നിങ്ങളുടെ മുമ്പിൽ ഞങ്ങൾ തലകുനിച്ചു നിൽക്കും എന്ന്.

ബ്രിട്ടീഷ് പട്ടാളം പിടിക്കാൻ വന്നപ്പോൾ കണ്ണിലെ കൃഷ്ണ മണി പോലെ ജനങ്ങളാണ് അദ്ദേഹത്തെ കാത്തുസൂക്ഷിച്ചത്. 16 മാസം സഖാവ് പൊക്കന്റെ വീട്ടിൽ ഇഎംഎസ് ഒളിവിൽ കഴിയുമ്പോൾ 5000 പവൻ ആണ് ബ്രിട്ടീഷുകാർ ഇഎംഎസ്സിന്റെ തലയ്ക്ക് വിലപറഞ്ഞത്. അത്താണികളിലും ചന്തകളിലും ഇഎംഎസ്സിന്റെ ഫോട്ടോ വെച്ച് ജീവനോടുകൂടി ആണെങ്കിലും അല്ലാതെയും കണ്ടുപിടിച്ചു കൊടുത്താൽ 5000 പവൻ തരും എന്ന് ബ്രിട്ടീഷുകാർ പറഞ്ഞു. ആ സമയത്ത് മൂന്നു നേരം ഭക്ഷണം കഴിക്കാൻ പറ്റാത്ത പൊക്കന്റെ ഒറ്റമുറി വീട്ടിൽ ഇഎംഎസ് സുരക്ഷിതനായി ഒളിവിൽ ഇരിക്കുകയാണ്. അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾ സംരക്ഷിച്ചത്. ആ ജനങ്ങളുടെ വിമർശനം പൂർണമായും ഞങ്ങൾ ഉൾക്കൊള്ളും. പാർട്ടിക്ക് ബുദ്ധിമുട്ട് വന്നു എന്ന് കണ്ടാൽ ഓടിയെത്തുന്ന പാവപ്പെട്ട മനുഷ്യരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി’ -കൃഷ്ണദാസ് പറഞ്ഞു. 

Tags:    
News Summary - NN Krishnadas slams PK Sasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.