ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് നി​ർ​മാ​ണ​ത്തി​ലു​ള്ള സ​മാ​ന്ത​ര പാ​ലം

ഈസ്റ്റ് ഒറ്റപ്പാലം പുതിയ പാലം യാഥാർഥ്യമാകുന്നു; ഒക്ടോബറിൽ ട്രയൽ റൺ

ഒറ്റപ്പാലം: നീണ്ട കാത്തിരിപ്പിനൊടുവിൽ ഈസ്റ്റ് ഒറ്റപ്പാലത്തെ പുതിയ പാലം യാഥാർഥ്യമാകുന്നു. ഒക്ടോബർ ആദ്യ വാരം പാലത്തിൽ ട്രയൽ റൺ നടത്താനാണ് തീരുമാനം. പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടുള്ള പരീക്ഷണ ഓട്ടമാണ് നടത്തുക. ട്രയൽ റൺ നടത്തി അപാകതകൾ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടാൽ ശേഷിക്കുന്ന പ്രവൃത്തികൾ കൂടി വേഗത്തിൽ പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കും. പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് ഡിസംബർ വരെ കാത്തിരിക്കണമെന്നാണ് അധികൃതർ നൽകുന്ന വിവരം.

പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒഴിയാബാധയായി മാറിയ ഗതാഗതക്കുരുക്കിന് മുഖ്യ കാരണമാവുന്നത് കുണ്ടും കുഴിയുമായി കിടക്കുന്ന, വീതി കുറഞ്ഞ ഈസ്റ്റ് ഒറ്റപ്പാലത്തെ പഴയ പാലമാണ്. ഇതിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലം യാഥാർഥ്യമാകുന്നതോടെ നിലവിലെ ഗതാഗതക്കുരുക്കൊഴിയും. അറ്റകുറ്റപണികൾ നടത്തി പഴയ പാലം സംരക്ഷിക്കാനാണ് തീരുമാനം. കണ്ണിയംപുറത്തെ തോട്ടുപാലങ്ങളിലേതിന് സമാനമായി വാഹനങ്ങൾക്ക് വരാനും പോകാനും ഓരോ പാലങ്ങൾ ഈസ്റ്റ് ഒറ്റപ്പാലത്തും ഒരുക്കും.

നിർമാണ പ്രവൃത്തികൾ ഒച്ചിഴയുന്നതായി ആക്ഷേപം ഉയർന്നിരുന്നെങ്കിലും നിലവിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. കാലവർഷം ശക്തമല്ലാതിരുന്നതും നിർമാണ പ്രവൃത്തികൾക്ക് അനുഗ്രഹമായി. 5.08 കോടി രൂപ ചെലവിട്ടാണ് പുതിയ പാലത്തിന്റെ നിർമാണം. സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിനാണ് കരാർ ചുമതല. 15 മീറ്റർ നീളം വരുന്ന രണ്ട് സ്പാനുകളും 20 മീറ്റർ നീളമുള്ള ഒരു സ്പാനും ഉൾപ്പെടെ 50 മീറ്ററാണ് പാലത്തിന്റെ നീളം. 7.5 മീറ്റർ ക്യാരേജ് വേയും ഒരു വശത്ത് 1.5 മീറ്റർ വീതിയിലുള്ള നടപ്പാതയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.

പാലത്തിന്റെ ഇരുവശവുമായി 125 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും അപകടങ്ങൾ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയർ, സുരക്ഷ മുന്നറിയിപ്പ്, ഡി.എൽ.പി ബോർഡുകൾ, റോഡ് മാർക്കിങ്, സ്റ്റഡ് പതിക്കൽ പെയിൻറിങ് എന്നിവയും പദ്ധതി തുകയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആറര പതിറ്റാണ്ട് പഴക്കമുള്ളതാണ് പഴയ പാലം. വീതി കൂട്ടിയ പാതയിൽ കുപ്പിക്കഴുത്ത് പരുവത്തിലുള്ള പാലം ബലക്ഷയവും നേരിട്ടതോടെയാണ് പുതിയ പാലമെന്ന ആശയം ഉടലെടുത്തത്.

Tags:    
News Summary - East Ottapalam new bridge becomes a reality and trial run in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.