ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചു; ആളപായമില്ല
പട്ടാമ്പി: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചു. പട്ടാമ്പി-പെരിന്തല്‍മണ്ണ റോഡില്‍ മീൻ മാര്‍ക്കറ്റിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ 60ഓളം യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
ബസിന്റെ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് തീ കണ്ടത്. തുടര്‍ന്ന് ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഉണര്‍ത്തി സുരക്ഷിതമായി പുറത്തിറക്കി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് തീ ബസിന്റെ മുന്‍ഭാഗത്തേക്ക് അതിവേഗം പടര്‍ന്നത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. ഡ്രൈവറുടെ ജാഗ്രതയും സമയോചിത ഇടപെടലുമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.
സംഭവസമയത്ത് മീൻ മാര്‍ക്കറ്റിലുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും വെള്ളമൊഴിച്ചും മറ്റും തീ അണക്കാന്‍ ശ്രമിച്ചു. പിന്നീട് പട്ടാമ്പി അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് എത്തിച്ചാണ് യാത്രക്കാരെ കോട്ടയത്തേക്ക് യാത്രയാക്കിയത്.
ഗിയര്‍ബോക്സിന് സമീപമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ അറ്റകുറ്റപ്പണികളിലോ പരിപാലനത്തിലോ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കെ.എസ്.ആര്.ടി.സി വകുപ്പുതല അന്വേഷണത്തിൽ പരിശോധിക്കും. ബസ് കാലപ്പഴക്കം ചെന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഏപ്രിലിൽ കുന്നംകുളം-പട്ടാമ്പി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപിടിച്ചിരുന്നു. ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സിയുടെ അഡീഷനല്‍ സര്വിസായിരുന്ന ബസിനാണ് അന്ന് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു അന്നത്തെ തീപിടിത്തത്തിന്റെയും പ്രാഥമിക കാരണമായി കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.