രോഗികൾ വർധിക്കുന്നു: നിയന്ത്രണ വിധേയമാകാതെ മഞ്ഞപ്പിത്തം
കോങ്ങാട്: മേഖലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 90 ആയി ഉയർന്നു. രോഗ സാഹചര്യം നിയന്ത്രണ വിധേയമാവാത്തത് കാരണം ജാഗ്രതയും പ്രതിരോധ പ്രവർത്തനവും കടുപ്പിക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. യുവാക്കളാണ് രോഗബാധിതർ ഏറെയും. ആഗസ്റ്റ് ആദ്യവാരത്തിൽ എട്ട് പേർക്കുണ്ടായ മഞ്ഞപ്പിത്തം നിലവിൽ 90 ആയി ഉയർന്നിട്ടുണ്ട്. കോങ്ങാട് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ അധീനതയിലുള്ള കോങ്ങാട് ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച വരെ 77 മഞ്ഞപ്പിത്ത രോഗ ലക്ഷണമുള്ളവരാണ് ചികിത്സ തേടിയത്.
കേരളശ്ശേരി ഗ്രാമപഞ്ചായത്തിൽ ആറും മുണ്ടൂരിൽ ഏഴും രോഗ ബാധിതരുണ്ട്. കോങ്ങാട് ടൗണിലെ ജിംനേഷ്യത്തിൽ പരിശീലനം തേടിയവർക്കാണ് തുടക്കത്തിൽ രോഗം ബാധിച്ചത്. പിന്നീട് ഇവരുടെ കുടുംബാംഗങ്ങൾക്കും സമ്പർക്ക ബാധിതർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ജിംനേഷ്യത്തിൽ നിന്ന് വെള്ളം കുടിച്ചവരാണ് രോഗബാധിതർ. തൊട്ടടുത്ത കിണറ്റിൽ നിന്നാണ് ഫിൽറ്റർ വഴി പച്ചവെള്ളം കുടിക്കാനായി ഉപയോഗിച്ചിരുന്നത്.
ഈ ഫിൽറ്റർ അറ്റകുറ്റപണി നടത്തിയിരുന്നില്ല. കിണറിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്ക് മഞ്ഞപ്പിത്തം മുൻപ് വന്നിരുന്നു. ഇതേ കിണറിലെ വെള്ളം ഉപയോഗിച്ചവരാണ് രോഗബാധിതർ. ആരോഗ്യ വകുപ്പ് ജിംനേഷ്യം അടപ്പിച്ച് ഒരു മാസത്തിന് ശേഷമാണ് തുറക്കാൻ അനുമതി നൽകിയത്. ശനിയാഴ്ച കോങ്ങാട് ഗ്രാമപഞ്ചായത്തിൽ പൊതുജനാരോഗ്യ സമിതി യോഗം ചേർന്ന് വാർഡ് തോറും ബോധവത്കരണവും പ്രതിരോധവും കാര്യക്ഷമമാക്കും. കിണർ ക്ലോറിനേഷൻ, ലഘുലേഖ വിതരണം എന്നിവ നടത്തും. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണ ശുചിത്വം ഉറപ്പാക്കുക, ശുചി മുറി വൃത്തിയായി സംരക്ഷിക്കുയും ഉപയോഗത്തിന് ശേഷം ഇരുകൈകളും നന്നായി കഴുകുക എന്നി നിർദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.