പാലക്കാട്: ക്രിസ്മസ്, പുതുവർഷം അടുത്തതോടെ വർധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരുടെ കീശചോർത്തി സ്വകാര്യ ബസുകൾ. ബംഗളുരു, ചെന്നെ അന്തർ സംസ്ഥാന റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളാണ് സീസൺ മുതലെടുത്ത് യാത്രക്കാരെ പിഴിയുന്നത്. ബംഗളുരുവിൽ നിന്നും പാലക്കാട്ടേക്ക് ഡിസംബർ 23, 24 തിയതികളിൽ 5000 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.
കെ.എസ്.ആർ.ടി.സിയിൽ നോൺ എ.സി സെമി സ്ലീപ്പറിന് 604 രൂപയും വോൾവോ എ.സിയിൽ 904 രൂപയുമാണ് ഈടാക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാനില്ല. സാധാരണ സർവിസ് നടത്തുന്ന ട്രെയിനുകളിലും റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളിൽ ഈടാക്കുന്നത് പ്രത്യേക നിരക്ക്. നിലവിലുള്ള നിരക്കിന്റെ 1.3 മടങ്ങാണ് സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത്.
ശബരിമല സീസണിലെ തിരക്ക് പരിഗണിച്ച് സൗത്ത്-സെൻട്രൽ റെയിൽവെ 18 ജോടി വീക്കലി സ് പെഷൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവയെല്ലാം സ്പെഷൽ നിരക്കിലാണ് സർവിസ് നടത്തുന്നത്. കോവിഡ് മുമ്പ് വരെ തിരക്കുസമയത്ത് സ്പെഷൽ ട്രെയിനുകൾ അനുവദിക്കാറുണ്ടായിരുന്നെങ്കിലും സ്പെഷൽ നിരക്ക് വാങ്ങിയിരുന്നില്ല. ഇത്തരം ട്രെയിനുകളിൽ സ്റ്റോപ്പുകൾ കുറവായതിനാൽ യാത്രകാർക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.
കോവിഡിനുശേഷം പാസഞ്ചർ, വീക്കിലി എക്സ് പ്രസ് ട്രെയിനുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാത്തതും എക്സ് പ്രസ് ട്രെയിനുകളിൽ നേരത്തേയുള്ളതുപോലെ ജനറൽ കോച്ചുകൾ ഇല്ലാത്തതുമാണ് സ്ഥിരം-സാധാരണ യാത്രക്കാരുടെ ദുരിതം വർധിപ്പിക്കാൻ കാരണമായത്. കേരള എക്സ് പ്രസ് ഉൾപ്പടെയുള്ള പല ദീർഘദൂര ട്രെയിനുകളിൽ ഇനിയും ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടല്ല. ആലപ്പുഴ-ധൻബാദ് എക്സപ്രസിൽ നേരത്തെ ഉണ്ടായിരുന്ന നാല് ജനറൽ കോച്ചുകളിൽ രണ്ട് എണ്ണം ഒഴിവാക്കി.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പ് ഉണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയർന്നു. അതേസമയം മിക്ക ട്രെയിനുകളും വൈകിഓടുന്നത് യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.