പാലക്കാട്: ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ ശനിയാഴ്ച താപനില 39.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. മലമ്പുഴ അണക്കെട്ട് പരിസരത്താണ് 39.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയോളം ജില്ലയിൽ പുറത്തിറങ്ങാനാവാത്ത വിധം ചൂടാണ് പകൽ അനുഭവപ്പെട്ടിരുന്നത്. രാത്രി ചൂടിന് സമാനമായി ഉഷ്ണവും കൂടി അനുഭവപ്പെടുന്നതിനാൽ വീട്ടിനകത്തും പുറത്തും വെന്തുരുകുകയാണ് പാലക്കാട്ടെ ജനങ്ങൾ. മുണ്ടൂർ ഐ.ആർ.ടി.സിയിലെ താപമാപിനിയിൽ 39 ഡിഗ്രി സെൽഷ്യസാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 27.5 ഡിഗ്രിയും ആർദ്രത 44 ശതമാനവും രേഖപ്പെടുത്തി.
വേനൽമഴയുടെ അഭാവവും താപനില ഉയരാൻ കാരണമാകുന്നുണ്ട്. ജില്ലയിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടുതലുണ്ടെന്നാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നത്.
ഏപ്രിൽ 17നാണ് ജില്ലയിൽ ആദ്യം 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. പിന്നീട് ഏപ്രിൽ 18, 20 തീയതികളിലും 40 ഡിഗ്രിയിലെത്തി. ഏപ്രിൽ 22ന് ഈ വർഷത്തെ റെക്കോർഡ് താപനിലയായ 41.1 ഡിഗ്രി സെൽഷ്യസാണ് മലമ്പുഴയിൽ രേഖപ്പെടുത്തിയത്. 23ന് 40.2 ഡിഗ്രിയായി കുറഞ്ഞു. ജില്ലയിൽ കനത്ത ചൂടിൽ സൂര്യാതപ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം തേങ്കുറുശ്ശി സ്വദേശിയായ അഞ്ചു വയസ്സുകാരന് ചൂട് കാരണം പൊള്ളലേറ്റിരുന്നു. ചൂട് ഇനിയും കനക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.