കന്നുകാലി ഫാമിലെ കാട്ടിൽ തമ്പടിച്ച കാട്ടാന
അലനല്ലൂർ: തിരുവിഴാംകുന്ന് കന്നുകാലി ഫാമിലെ കാട്ടിൽ തമ്പടിച്ച കാട്ടാനകളെ അഞ്ച് ദിവസത്തിന് ശേഷം സൈലന്റ് വന മേഖലയിലെ റിസർവ് വനത്തിലേക്ക് തുരത്തി. രണ്ട് ആനകളെ കോട്ടാണിക്കുന്ന് റിസർവിലേക്കും ഒരു ആനയെ കരടിയോട് ഭാഗത്തെ സൈലന്റ് വാലി ബഫർ സോണിലേക്കുമാണ് തുരത്തിയത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ ഫാമിൽ ആനകൾ നിൽക്കുന്ന സ്ഥലം കണ്ടെത്തി. രാത്രി 10 മണിയോടെ ആനകളെ തുരത്താനുള്ള ശ്രമം തുടങ്ങി. ആനകൾ ഇല്ലിക്കൽ മലവാരത്തിലെത്തിച്ചു. തുടർന്ന് ഇരട്ടവാരിയിലൂടെ വിരട്ടി ഓടിച്ച് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ കോട്ടാണിക്കുന്ന് റിസർവിലെത്തിച്ചു. ഇതിനിടെ കോട്ടാണികുന്നിലെ സൗരോർജ വേലി പൊളിച്ച് ഒരു ആന വീണ്ടും പുറത്തേക്ക് വന്നിരുന്നു. ഇരട്ട വാരിയിലെ സൗരോർജ വേലി പൊളിച്ചും ആന വനമേഖലയിൽ പ്രവേശിച്ചു.
ആനകൾ നശിപ്പിച്ച വാഴകൾ
ആനകൾ സൈലന്റ് വാലി ബഫർ സോൺ വനത്തിലേക്ക് കേറി എന്ന് ഉറപ്പ് വരുത്തിയതിനാൽ പുലർച്ച മൂന്നരയോടെ വനപാലകർ ദൗത്യം പൂർത്തിയാക്കി മടങ്ങി. ആനകളെ വിരട്ടി ഓടിക്കുന്നതിനിടയിൽ വാഴ, കമുക് കൃഷികളും രണ്ട് സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ മതിലും കാട്ടാന നശിപ്പിച്ചു. മണ്ണാർക്കാട് ആർ.ആർ.ടി , തിരുവിഴാംകുന്ന് ഫാം ജീവനക്കാർ, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ്, വാച്ചർമാർ, അമ്പലപ്പാറ ക്യാമ്പ് ഷെഡ് ജീവനക്കാർ തുടങ്ങിയവർ ദൗത്യത്തിൽ പങ്കെടുത്തു.
രാത്രികാല കാട്ടാന നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും പ്രദേശത്ത് നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. ഇതിന് മുമ്പും നിരവധി തവണ ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലെത്തിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയിരുന്നെങ്കിലും വീണ്ടും ആനകൾ നാട്ടിലേക്ക് ഇറങ്ങി വരുന്നതിനാൽ ശാശ്വത പരിഹാരം കാണുന്നതിന് കുങ്കി ആനകളെ ഉപയോഗിച്ച് അകലെയുള്ള മറ്റ് കാടുകളിലേക്ക് ഇവയെ വിടണമെന്ന ആവശ്യമാണ് നാട്ടുകാരും കർഷകരും ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.