വ​രോ​ട് വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് ന​ടു​വി​ലെ കാ​ളി​ക്കുളം

അനങ്ങൻ മലയുടെ മടിത്തട്ടിലെ വിസ്മയം; കാളിക്കുളം വിനോദസഞ്ചാര ഭൂപടത്തിലേക്ക്

ഒറ്റപ്പാലം: അനങ്ങൻ മലയുടെ മടിത്തട്ടിൽ നീലക്കണ്ണാടി കണക്കെ വേനലിലും തെളിനീർ സമൃദ്ധമായ കാളിക്കുളം സന്ദർശകർക്ക് നിറകൺ വിരുന്നൊരുക്കുന്നു. ഒറ്റപ്പാലം നഗരസഭ പരിധിയിലെ വരോട് പ്രദേശത്താണ് നൂറ്റാണ്ടുകൾ പിന്നിട്ട ഈ ‘വട്ടക്കുള’മുള്ളത്. കൊതിപ്പിക്കുന്ന മലനിരകളും സമൃദ്ധമായ പച്ചപ്പും വിശാലമായ നെൽപ്പാടങ്ങൾക്ക് നടുവിലെ കുളത്തിന് മനോഹാരിത ഇരട്ടിപ്പിക്കുന്നു.

വരോട് എടപ്പറ്റ ഗോവിന്ദൻ നായയെന്ന തറവാട്ട് കാരണവർ ഒരു നൂറ്റാണ്ട് മുമ്പ് കരിങ്കല്ലിൽ കെട്ടിപ്പടുത്ത കാളിക്കുളത്തിന് രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ളതായി അനന്തരാവകാശികൾ പറയുന്നു. നനക്കാനും കുളിക്കാനും അലക്കാനും നാട്ടുകാർക്ക് ഏകാശ്രയമായിരുന്ന കുളം വറ്റാതെ കാക്കാനും അക്കാലത്ത് ഉടമകൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശാലമായ നെൽപാടങ്ങളുടെ ജലസേചനത്തിന് പോലും കുളത്തിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാനാത് ഇതിനാലാണെന്ന് പിന്മുറക്കാരനായ പ്രദീപ് കുമാർ എടപ്പറ്റ പറയുന്നു.

ബ്രിട്ടീഷ് ഭരണവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒട്ടേറെ കഥകൾ കാളിക്കുളത്തിന് പറയാനുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥർ ആഴമറിയാൻ ചങ്ങല കുളത്തിൽ ഇറക്കിയപ്പോൾ അത് ഉരുകിപ്പോയി എന്നതാണ് അവയിലൊന്ന്. അനങ്ങൻ മലയുടെ ഉച്ചിയിലുള്ള കിണറിൽ എന്ത് വസ്തു ഇട്ടാലും അത് കാളിക്കുളത്തിൽ പൊങ്ങുമെന്നതാണ് മറ്റൊന്ന്. ഇതിന് സമാനമായ നിരവധി കഥകൾ കുളത്തെ ചുറ്റിപ്പറ്റി ഇന്നും ഗ്രാമീണർക്കിടയിൽ പ്രചാരത്തിലുണ്ട്.

കുളവും ചുറ്റുമുള്ള പ്രകൃതിഭംഗിയും കണക്കിലെടുത്ത് ഒറ്റപ്പാലം നഗരസഭ കുളം ഏറ്റെടുക്കാൻ താൽപര്യം കാണിച്ചിരുന്നു. ഒരേക്കറിൽ താഴെ വിസ്തൃതിയുള്ള കുളം നഗരസഭക്ക് കൈമാറാൻ നിലവിലെ അവകാശിയായ എടപ്പറ്റ ഗംഗാധരൻ നായർ സമ്മതം അറിയിച്ചതായും വാർഡ് കൗൺസിലർ മുഹമ്മദ് അലി നാലകത്ത് പറഞ്ഞു.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കുളവും പരിസരവും മോടിപിടിപ്പിച്ചാൽ വിനോദത്തിനും കൂടാതെ ജലസേചനത്തിനും സാധ്യതകളേറെയുണ്ടെന്ന തിരിച്ചറിവാണ് കുളം ആവശ്യപ്പെടാൻ കാരണം. വരോട് ചാത്തൻ കണ്ടാർ കാവിലേക്ക് പണ്ട് വേല പോയിരുന്നത് ഈ കുളത്തിന്റെ കരയിൽ നിന്നായിരുന്നു.

കുളത്തിന് ചുറ്റുമുള്ള നെൽപ്പാടങ്ങൾക്ക് കാളിക്കണ്ടങ്ങൾ എന്ന പേരുമുണ്ട്. കാവുമായും വേലായുമായും ബന്ധപ്പെട്ടാകാം കുളത്തിന് കാളി എന്ന പേര് ലഭിച്ചതെന്നും പ്രദീപ് കുമാർ പറഞ്ഞു. ഒറ്റപ്പാലവും അനങ്ങൻ മലയും സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായിരുന്നിട്ടും കാളിക്കുളത്തിന്റെ കാഴ്ചവട്ടങ്ങളിലേക്ക് കാമറ തിരിയാതിരുന്നതെന്തെന്നത് ചോദ്യമായി അവശേഷിക്കുന്നു. 

Tags:    
News Summary - The wonder in the lap of Anangan Mountain; Kalikulam on the tourist map

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.