ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും കരാർ ജീവനക്കാരെയും അനങ്ങനടിയിൽ തടയുന്നു

പൊടിയടങ്ങാതെ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാത; ഉദ്യോഗസ്ഥരെയും കരാർ ജീവനക്കാരെയും തടഞ്ഞു

ഒറ്റപ്പാലം: പണിതിട്ടും പണിതിട്ടും തീരാത്ത ഒറ്റപ്പാലം-ചെർപ്പുളശ്ശേരി പാതയിൽ നിന്നുയരുന്ന രൂക്ഷമായ പൊടിശല്യത്താൽ സഹികെട്ട പൊതുജനം പ്രതിഷേധവുമായി രംഗത്തിറങ്ങി. മഴയിൽ ചളിവെള്ളം തളംകെട്ടിയിരുന്ന പാതയിൽ, മഴ ഒഴിഞ്ഞത് മുതൽ വ്യാപകമായി പൊടിയുയർന്ന് സ്വൈരജീവിതം അവതാളത്തിലായ സാഹചര്യത്തിലാണ് നാട്ടുകാർ തെരുവിലിറങ്ങി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും കരാർ ജീവനക്കാരെയും ദീർഘ നേരം തടഞ്ഞത്.

പൊടി രൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ അനങ്ങനടി പഞ്ചായത്ത് ഓഫിസ് പരിസരത്ത് മാത്രമാണ് നനക്കുന്നതെന്നും മറ്റിടങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി ചർച്ച നടത്തി. സെപ്റ്റംബർ 18ന് മുമ്പ് ടാറിങ് നടത്തുമെന്നും ഓരോ മണിക്കൂർ കൂടുമ്പോൾ പൊടി ഉയരുന്നിടങ്ങളിൽ നനക്കുമെന്നും അധികൃതർ നൽകിയ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. 18നകം ടാറിങ് നടത്താത്ത പക്ഷം വാഹനങ്ങൾ റോഡിൽ തടയുമെന്ന് നാട്ടുകാർ അറിയിച്ചു.

ഒറ്റപ്പാലം മുതൽ കീഴൂർ വരെയുള്ള 11 കിലോമീറ്റർ പാതയുടെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. 54 കോടി രൂപ ചെലവിട്ടുള്ള പാത നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. നിർമാണ പ്രവൃത്തികൾ ഒച്ചിഴയുന്ന വേഗത്തിലാണെന്ന ആക്ഷേപം നേരത്തെ മുതൽ ഉയരുന്നുണ്ട്. ബസ് ഓട്ടം നിർത്തിവെക്കുന്ന അവസ്ഥയിലേക്ക് പാത തകർന്ന് തരിപ്പണമായിട്ടുണ്ട്. കുണ്ടും കുഴിയും നിറഞ്ഞ പാതയിലെ ഓട്ടത്തെ തുടർന്ന് വാഹനങ്ങൾക്ക് നിരന്തരം കേടുപാടുകൾ സംഭവിക്കുന്നത് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ബസ് സർവിസ് നിർത്തുമെന്ന് ഉടമകൾ പ്രഖ്യാപിച്ചത്. അടിയന്തരമായി അറ്റകുറ്റപണികൾ നടത്തുമെന്ന ഉറപ്പിന്മേൽ ബസ് പണിമുടക്ക് ഉപേക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - Ottapalam-Cherpulassery road continues to be dusty; officials and contract workers blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.