പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് ഉപരോധ സമരം
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്ന് ടോൾ ഇടാക്കുന്നതിനെതിരെ വടക്കഞ്ചേരി ജനകീയ വേദി, വ്യാപാരി സംരക്ഷണ സമിതി, സംയുക്‌ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്‌തമായി. തിങ്കളാഴ്ച വൈകുന്നേരം ടോൾ പ്ലാസയിൽ ഉപരോധ സമരം നടത്തും. കഴിഞ്ഞ ദിവസം ജനകീയവേദിയുടെ നേതൃത്വത്തിൽ അഡീഷനൽ ജില്ല മജിസ്ട്രേറ്റിന് പരാതി നൽകിയിരുന്നു. 9.4 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന സർവകക്ഷി യോഗ തീരുമാനം അട്ടിമറിച്ച ടോൾ കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ. രാധാകൃഷ്‌ണൻ എംപിയും പി.പി. സുമോദ്, ടി.എം. ശശി എന്നീ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡൻറുമാരും ജില്ല കലക്‌ടറുടെ അധ്യക്ഷതയിലെടുത്ത തീരുമാനങ്ങൾ കമ്പനി നടപ്പാക്കുന്നില്ലെന്നും അടിയന്തിരമായി തീരുമാനം ഉണ്ടാക്കണമെന്നും ജനകീയ വേദി ആവശ്യപ്പെട്ടു.
ആറ് പഞ്ചായത്തുകളിലെ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും നാല് ചക്ര ഓട്ടോറിക്ഷകൾക്കും സ്‌കൂൾ വാഹനങ്ങൾക്കും സൗജന്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. കലക്‌ടറുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും സമരസമിതി നേതാക്കളും ദേശീയപാത അതോറിറ്റിയുടെയും ടോൾ കമ്പനിയും ഉൾപ്പെട്ട യോഗം ഉടൻ വിളിക്കണമെന്നും അല്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.