തച്ചമ്പാറ: പൂട്ടിയിട്ട വീട്ടിൽ കവർച്ച ശ്രമം. പിടികൂടാൻ ശ്രമിച്ച പൊലീസുകാരെയും നാട്ടുകാരെയും മാരകായുധങ്ങൾ കാട്ടി മോഷ്ടാക്കളായ രണ്ടുപേർ രക്ഷപ്പെട്ടു. പാലക്കാട് -കോഴിക്കോട്ട് ദേശീയപാതക്കടുത്ത് തച്ചമ്പാറ മുള്ളത്ത് പാറയിലെ ആറ്റു കണ്ടത്തിൽ പ്രവാസിയായ അബ്ദുൽ ഹമീദിന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ നാലിന് മോഷ്ടാക്കളെത്തിയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിൻഭാഗത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സംഭവം പരിസരത്തുള്ള ബന്ധുക്കൾ അറിഞ്ഞതോടെ പൊലീസിനെ അറിയിച്ചു. സംഭവ സ്ഥലത്തെത്തി പിടികൂടാനൊരുങ്ങിയ പൊലീസുകാരെയും നാട്ടുകാരെയും കമ്പിപ്പാര വീശി ഭീതിപെടുത്തി മോഷ്ടാക്കൾ രക്ഷപ്പെട്ടു.
പരിസരവാസികളും പൊലീസും മോഷ്ടാക്കളെ പരിസരമാകെ അരിച്ച് പെറുക്കിയെങ്കിലും സംഘത്തെ പിടികൂടാനായില്ല. മോഷ്ടാക്കൾ വന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ വാഹനവും മോഷ്ടിച്ചതാണെന്നാണ് നിഗമനം. പാലക്കാട് നിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഉടമ വിദേശത്താണ്.
പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപത്തെ ബാങ്കിങ്, കച്ചവട സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
ഒരു വർഷം മുമ്പ് ഈ വീട്ടിലുണ്ടായ മോഷണശ്രമത്തിനിടെ പാലക്കാട്ട് സ്വദേശിയെ നാട്ടുകാർ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.