ധോണിയിലെത്തിയ ഭരതൻ, വിക്രമൻ എന്നീ കുങ്കിയാനകൾ

മേഖലയിലെ കാട്ടാന ആക്രമണകാരിയെന്ന് സൂചന; പ്രതിരോധം ശക്തമാക്കി വനപാലകർ

മുണ്ടൂർ: മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിലെ ജനവാസ മേഖലക്കടുത്ത് വനാതിർത്തി പ്രദേശങ്ങളിൽ കറങ്ങുന്നത് ആക്രമണകാരിയായ കാട്ടാനയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ വ്യക്തമായതോടെ കുങ്കിയാനകളുടെ സഹായത്തോടെ ജനവാസ മേഖലക്ക് പ്രതിരോധം തീർക്കാൻ വനംവകുപ്പ്. മുമ്പ് ധോണിക്കും വടക്കാൻ കാടിനും ഇടയിൽ കാണാത്ത കാട്ടാനയാണ് 20 ദിവസം മുമ്പ് കോർമ ഭാഗത്ത് എത്തിയത് എങ്കിലും പിന്നീട് കാട്ടാനയെ കണ്ടെത്താനായിട്ടില്ല.

ജനങ്ങളെ കണ്ടാൽ ഭയന്നോടുന്ന പ്രകൃതമല്ല ഈ കാട്ടാനക്കുള്ളത്. മെലിഞ്ഞതും ഉയരം കുറഞ്ഞതുമായ ശരീരപ്രകൃതിയാണ്. ജനവാസ മേഖലയുടെ സുരക്ഷ പരിഗണിച്ച് ആക്രമണകാരിയായ കാട്ടാനയെ തുരത്താൻ ഒരാഴ്ചക്കാലമായി വയനാട്ടിൽ നിന്നെത്തിയ ഭരതൻ, വിക്രമൻ എന്ന കുങ്കിയാനകളുടെ സാന്നിധ്യത്തിൽ പരിശീലനം സിദ്ധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും വനാതിർത്തി പ്രദേശങ്ങളിൽ റോന്ത് ചുറ്റലും പരിശോധനയും തുടരുകയാണ്. ശല്യക്കാരനായ കാട്ടാനയെ തിരിച്ചറിഞ്ഞ് സ്ഥിരീകരിച്ചാവും ഉചിതമായ പ്രവർത്തനങ്ങൾ സ്വീകരിക്കുക.

ആറ് മാസം മുമ്പ് പി.ടി ഏഴാമനെന്ന കാട്ടുകൊമ്പനെ വരുതിയിലാക്കാൻ വയനാട്ടിൽ നിന്ന് ഭരതൻ, വിക്രമൻ എന്നി കുങ്കിയാനകൾ എത്തിയിരുന്നു. പുതിയ കാട്ടാന കല്ലടിക്കോട് മലയോര മേഖലയിൽ നിന്നോ ശിരുവാണി ഉൾക്കാട്ടിൽ നിന്നോ വരാനുള്ള സാധ്യത വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. അതേ സമയം, ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായ കാട്ടാനയെ പിടികൂടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ഞാറക്കോട് കുമാരൻ, കണ്ണോടൻ ചോല അലൻ എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വേനൽ ചൂട് കൂടുന്നതോടെ കുടിനീരിനും തീറ്റക്കും കാടിറങ്ങുന്ന കാട്ടാനകൾ കൂടാനിടയുണ്ടെന്ന ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നു.

Tags:    
News Summary - Wild elephant in the region are suspected of being invasive; forest guards have stepped up their defenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.