നാച്ചുറ 26 അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈക്ക് റൈഡ്
നെല്ലിയാമ്പതി: നെല്ലിയാമ്പതിയുടെ കാര്‍ഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും ആഗോളതലത്തില്‍ ശ്രദ്ധേയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടന്ന ബൈക്ക് റൈഡ് ശ്രദ്ധേയമായി.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ ഓണേഴ്സ് കൂട്ടായ്മയായ ‘ടീം റെമോ’യുടെ നേതൃത്വത്തിലാണ് ആവേശകരമായ റൈഡ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്നായി മുപ്പതോളം റൈഡർമാർ പങ്കെടുത്തു. പോത്തുണ്ടി ചെക്ക്പോസ്റ്റിൽ കെ. ബാബു എം.എൽ.എ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ എത്തിയ റൈഡർമാർക്ക് ഫാം സൂപ്രണ്ട് സാജിദ് അലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കൃഷി അസിസ്റ്റന്റുമാരായ നാരായണൻകുട്ടി, മഹേഷ്, വിവിധ ഫാം സംഘടന നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിനോദ് ലാൽ, എം.ഡി. തോമസ്, രാമകൃഷ്ണൻ, ലോനപ്പൻ, ഫ്രാൻസിസ്, പാലക്കാട് എൻഫീൽഡ് ഷോറൂം പി.വി. ആർ വീൽസ് പ്രതിനിധി അഫ്രോസ് ഖാൻ എന്നിവർ നേതൃത്വം നൽകി.
അറിവ് പകർന്ന് ഹൈടെക് ഫാമിങ്
നെല്ലിയാമ്പതി: ‘നാച്ചുറ 26’ അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കൃഷി ആദായകരവും ആനന്ദകരവുമാക്കാൻ ‘ഹൈടെക് ഫാമിങ്’ സെമിനാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.എം കേരളയുടെ സഹകരണത്തോടെയാണ് സെമിനാർ. ആധുനിക കൃഷിരീതികൾ അവലംബിക്കുന്നതിലൂടെ എങ്ങനെ മികച്ച ലാഭം നേടാമെന്നും സന്ദർശകർക്ക് ഹൈടെക് കൃഷിയെക്കുറിച്ച് എങ്ങനെ അവബോധം നൽകണമെന്നും കൃഷി അസിസ്റ്റന്റ് വസീം ഫജ്ൽ ക്ലാസിൽ വിശദീകരിച്ചു. കായിക അധ്വാനം കുറക്കാനും ജലസേചനം, വളപ്രയോഗം എന്നിവ ശാസ്ത്രീയമായി നടപ്പാക്കാനും ഹൈടെക് ഫാമിങ് സഹായിക്കും.
ലാഭസാധ്യതകൾക്കൊപ്പം തന്നെ സമൂഹത്തിൽ കർഷകന്റെ പദവി ഉയർത്തുന്നതിനും ആധുനിക കൃഷിരീതികൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് മെംബർമാരായ സി. ദിലീപ്, രവിമൂപ്പൻ, ഫാം സൂപ്രണ്ട് പി. സാജിദലി, ഫാം കൗൺസിൽ അംഗം ഹരിഹരൻ, കൃഷി ഓഫിസർ ദേവി കീർത്തന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ
കുരുമുളക് തൈ പ്രദർശനം
ശ്രദ്ധേയമായി കുരുമുളക് ഇനങ്ങളുടെ സ്റ്റാൾ
നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ സംഘടിപ്പിച്ചിരിക്കുന്ന ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫസ്റ്റ് ജനശ്രദ്ധയാകർഷിക്കുന്നു. കുരുമുളക് കൃഷിയിലെ വൈവിധ്യങ്ങൾ അടുത്തറിയാൻ അവസരമൊരുക്കുന്നതിനൊപ്പം ഭാവിയിലെ കൃഷിരീതികളായ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, വെർട്ടിക്കൽ ഫാമിങ് എന്നിവയുടെ പ്രദർശനവും മേളയുടെ മാറ്റുകൂട്ടുന്നു. പതിനെട്ടോളം വ്യത്യസ്ത ഇനം കുരുമുളക് തൈകളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കർഷകർക്കിടയിൽ പ്രിയമേറിയ പന്നിയൂർ ഇനങ്ങൾ മുതൽ നാടൻ ഇനങ്ങളായ കരിമുണ്ട, നീലിമുണ്ട എന്നിവയും ഐ.ഐ.എസ്.ആർ വികസിപ്പിച്ചെടുത്ത മികച്ച ഇനങ്ങളും ഇവിടെ കാണാം. കൂടാതെ ഉൽപാദനക്ഷമതയിൽ മുന്നിട്ടുനിൽക്കുന്ന ശ്രീകര, ശുഭകര തുടങ്ങിയ ഇനങ്ങളും പ്രദർശനത്തിലുണ്ട്.
സമാപനം ഇന്ന്
നെല്ലിയാമ്പതി: കഴിഞ്ഞ അഞ്ചുദിവസമായി നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ നടന്നുവന്നിരുന്ന അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നാച്ചുറ -26 തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് നാലിന് കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. അനവധി സന്ദർശകരെ ആകർഷിച്ച അറുപതിലധികം വിപണന, പ്രദർശന സ്റ്റാളുകളും കലാ, സാംസ്കാരിക പരിപാടികളും കൊണ്ട് ശ്രദ്ധേയമായിരുന്നു ഫെസ്റ്റ്. നെല്ലിയാമ്പതിയെ നേരിട്ടറിയാനായി അന്യ ജില്ലകളിൽനിന്ന് എത്തിയവരുടെ സാന്നിധ്യം പ്രധാന പ്രത്യേകതയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.