അപകടക്കെണിയായ കാരയിലെ പഴയ പാലം അലനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ഹബീബുല്ല അൻസാരിയും പഞ്ചായത്തംഗം പി. മണികണ്ഠ രാജീവും സന്ദർശിക്കുന്നു
അലനല്ലൂർ: നൂറ്റാണ്ട് പഴക്കം ചെന്ന കാര പാലത്തിലൂടെ സഞ്ചരിക്കുന്നവർ ചാവാലിതോട്ടിലേക്ക് വീണ് പരിക്കേൽക്കുന്നത് തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം നടന്ന് പോകുന്നതിനിടയിൽ പാലത്തിൽനിന്ന് തോട്ടിലേക്ക് വീണ കാര സ്വദേശി മുള്ളൻ സൈനുദ്ദീന്റെ മകൻ ഷാഹിദ് (19) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടാവസ്ഥയിലായ പാലം പഞ്ചായത്ത് പ്രസിഡൻറ് കെ. ഹബീബുല്ല അൻസാരിയും ഗ്രാമ പഞ്ചായത്തംഗം പി. മണികണ്ഠ രാജീവും സന്ദർശിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പാലമായത് കൊണ്ട് കൈവരികൾ നിർമിക്കണമെന്ന് കാണിച്ച് പഞ്ചായത്തിൽനിന്ന് കത്ത് കൊടുക്കുമെന്ന് പ്രസിഡൻറ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് പാലത്തിൽനിന്ന് വീണ് ഒരാൾ മരണപ്പെട്ടിരുന്നു. അപകടങ്ങൾ പതിവായതിനാൽ കഴിഞ്ഞ വർഷം പഞ്ചായത്ത് പി.ഡബ്ല്യു.ഡിക്ക് കത്ത് നൽകിയെങ്കിലും നടപടി അകലെയാണ്. പൊതുമരാമത്ത് അധികൃതർ കൈവരി സ്ഥാപിക്കുന്നില്ലെങ്കിൽ അനുമതി നൽകുകയാണെങ്കിൽ പഞ്ചായത്ത് സ്ഥാപിക്കുമെന്നും പ്രസിഡൻറ് അറിയിച്ചു. പാലം അപകടത്തിലായതോടെ വർഷങ്ങൾക്ക് മുമ്പ് പുതിയ റോഡ് വെട്ടി പാലം നിർമിച്ചിരുന്നു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ഗ്രാമ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്. നിത്യവും വിദ്യാർഥികളടക്കം നിരവധി പേരാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. മഴക്കാലം വരുന്നതോട് കൂടി തോട്ടിൽ വെള്ളം നിറയുന്നതിനാൽ ആശങ്കയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.