പാലക്കാട്: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് ഡിവിഷനിലെ പ്രധാന സ്റ്റേഷൻ പുനർവികസനത്തിന്റെയും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളുടെയും സമഗ്ര പരിശോധന നടത്തി.
പോത്തനൂർ ജങ്ഷൻ മുതൽ ഷൊർണൂർ ജങ്ഷൻ വരെയുള്ള സെക്ഷനിലെ പ്രധാന സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ട്രാക്ക് അവസ്ഥകൾ, പാലങ്ങൾ, സിഗ്നലിങ് സംവിധാനങ്ങൾ, യാത്ര സൗകര്യങ്ങൾ എന്നിവ അവലോകനം ചെയ്തു. 16.96 കോടി രൂപ ചെലവിൽ പുനർവികസനം ചെയ്യുന്ന ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ പൂർത്തിയാക്കിയ പ്രവൃത്തികൾ ജനറൽ മാനേജർ അവലോകനം ചെയ്തു. പാലക്കാട് ജങ്ഷന്റെ രണ്ടാമത്തെ പ്രവേശന കവാടത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളും ജനറൽ മാനേജർ പരിശോധിച്ചു.
താണാവ് ഭാഗത്തുള്ള സ്റ്റേഷന്റെ രണ്ടാമത്തെ പ്രവേശന കവാടത്തെ സ്റ്റേഷന്റെ മധ്യഭാഗത്തുള്ള പ്ലാറ്റ്‌ഫോം നമ്പർ അഞ്ചിന് സമീപമുള്ള നിലവിലുള്ള എഫ്.ഒ.ബിയുമായി ബന്ധിപ്പിക്കുന്നതിന് ഒരു പുതിയ എഫ്.ഒ.ബി നിർമിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായി ഒരു ലിഫ്റ്റും സ്ഥാപിക്കുന്നുണ്ട്. ഭാവിയിൽ ഒരു എസ്കലേറ്റർ സ്ഥാപിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാളയാർ റെയിൽവേ സ്റ്റേഷനിൽ, ആനകളുടെ കടന്നുകയറ്റം കണ്ടെത്തൽ സംവിധാനത്തിന്റെ (ഇ.ഐ.ഡി.എസ്) പ്രവൃത്തികളുടെ പുരോഗതി ജനറൽ മാനേജർ അവലോകനം ചെയ്യുകയും ആന അടിപ്പാതകൾക്കായി നിർദേശിക്കപ്പെട്ട സ്ഥലങ്ങൾ പരിശോധിക്കുകയും ചെയ്തു.
ജനറൽ മാനേജരോടൊപ്പം പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോട്ട്, പാലക്കാട് അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണൻ, മുതിർന്ന ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.