മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം മേഖലയിലെ സ്‌കൂൾ ബസുകൾ പരിശോധിക്കുന്നു
ഒറ്റപ്പാലം: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസുകളുടെ പരിശോധനക്ക് തുടക്കം കുറിച്ചു. താലൂക്ക്തല സബ് ആർ.ടി.ഓഫിസിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പിലൂടെയാണ് പരിശോധന നടത്തുന്നത്.
ആദ്യ ദിവസം പരിശോധനക്ക് 28 വാഹനങ്ങളാണ് എത്തിച്ചത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒമ്പത് വാഹനങ്ങൾ ന്യൂനത പരിഹരിക്കണമെന്ന നിർദേശത്തോടെ തിരിച്ചയച്ചു. വേഗപ്പൂട്ട്, ജി.പി.എസ് എന്നിവ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും, ടയറുകൾക്ക് അമിത തേയ്മാനം സംഭവിച്ചതുമായ വാഹനങ്ങളാണ് തിരിച്ചയച്ചത്.
സർക്കാർ, എയ്‌ഡഡ്, അൺ എയ്‌ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളിലെ വാഹനങ്ങളാണ് പരിശോധിച്ചത്. പരിശോധനയിൽ സുരക്ഷ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചെക്ക്ഡ് ഒ.കെ എന്ന പ്രത്യേക സ്റ്റിക്കർ അനുവദിക്കുന്നുണ്ട്. ജൂൺ മാസത്തിൽ അധ്യയനം ആരംഭിക്കുമ്പോൾ സ്റ്റിക്കറില്ലാത്തതായി കണ്ടെത്തുന്ന സ്‌കൂൾ ബസുകൾ യാതൊരു കാരണവശാലും സർവിസ് നടത്താൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.ജെ. റെജി, അശോക് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. സഗീർ, അരുൺ ആർ. സുരേന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചെർപ്പുളശ്ശേരി മേഖലയിലെ വാഹനങ്ങളുടെ പരിശോധന മേയ് 20ന് ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുക. വാഹന പരിശോധനക്ക് പുറമെ സ്കൂൾ ബസ് ഡ്രൈവർമാർക്കും അറ്റൻഡർമാർക്കുമായി പ്രത്യേക സുരക്ഷ പരിശീലനവും വരുംദിവസങ്ങളിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.