വൈകി ഓട്ടവും തിരക്കും; ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ
പാലക്കാട്: ഉത്സവ സീസൺ സജീവമായതോടെ ട്രെയിനുകളില്‍ തിരക്ക് വർധിച്ചതിനൊപ്പം വൈകി ഓട്ടവും കൂടിയായതോടെ യാത്രക്കാർ ദുരിതത്തിൽ. ജനറൽ കോച്ചുകൾ കുറച്ചതും കോവിഡിന് മുമ്പുണ്ടായിരുന്ന വീക്കിലി-പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതുമാണ് തിരക്കിന് കാരണം. സാധാരണ സർവിസ് നടത്തുന്ന ട്രെയിനുകളിലെ റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണിപ്പോൾ. തിരക്ക് പരിഗണിച്ച് റെയിൽവേ അനുവദിച്ച സ്പെഷൽ ട്രെയിനുകളിൽ ഈടാക്കുന്നത് നിലവിലുള്ള നിരക്കിന്റെ 1.3 മടങ്ങാണ്.
ഇത്തരം ട്രെയിനുകൾക്ക് സ്റ്റോപ്പ് കുറവായതിനാൽ എല്ലാ യാത്രക്കാർക്കും ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. ഇതിനുപുറമെ മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ന്യൂഡൽഹി-തിരുവനന്തപുരം ആറ് മുതൽ പത്ത് മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസും മിക്ക ദിവസങ്ങളിലും വൈകിയാണ് സർവിസ് നടത്തുന്നത്. റിസർവേഷൻ നടത്തിയിട്ടും സീറ്റ് ലഭിക്കാത്ത നിരവധി യാത്രക്കാർ മണിക്കൂറോളം നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
വൈകീട്ട് ഷൊർണൂരിലേക്ക് പാസഞ്ചർ ട്രെയിൻ വേണം
പാലക്കാട്: വൈകീട്ട് ഷൊർണൂരിലേക്ക് പാസഞ്ചർ ട്രെയിനില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വൈകീട്ട് 5.55ന് പാലക്കാട് എത്തുന്ന കോയമ്പത്തൂർ-ഷൊർണൂർ എക്സ്പ്രസ് കഴിഞ്ഞാൽ രാത്രി 10.55ന് പാലക്കാട് എത്തുന്ന മദ്രാസ്-മംഗലാപുരം സൂപ്പർ ഫാസ്റ്റ് ട്രെയിൻ മാത്രമാണുള്ളത്.
ഷൊർണൂർ ഭാഗങ്ങളിലേക്കുള്ള നിരവധി പേരാണ് വ്യാവസായിക നഗരമായ കോയമ്പത്തൂർ, കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നത്. ഇവർക്ക് രാത്രി ഏഴ് കഴിയാതെ സ്ഥാപനങ്ങളിൽ നിന്നും ഇറങ്ങാൻ കഴിയില്ല. രാത്രി 7.30ന് പാലക്കാട് ടൗണിൽ എത്തുന്ന കോയമ്പത്തൂർ-പാലക്കാട് ടൗൺ മെമു ഷൊർണൂരിലേക്ക് നീട്ടുകയാണെങ്കിൽ ഷൊർണൂർ, വടക്കൻ മേഖലയിലെ നിരവധി യാത്രക്കാർക്ക് ഏറെ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.