കോയമ്പത്തൂർ: പുതിയ ട്രെയിനുകൾ ജലരേഖയായതോടെ പാലക്കാട്-പഴനി റൂട്ടിൽ ശ്വാസംമുട്ടി യാത്രക്കാർ. ഒരു മാസത്തോളമായി പാലക്കാട്ടുനിന്ന് തിരുച്ചെന്തൂരിലേക്കുള്ള അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 7.10ന് പൊള്ളാച്ചി സ്റ്റേഷനിലെത്തുന്ന ട്രെയിനിൽ എല്ലാ ദിവസവും കാലുകുത്താൻ സാധിക്കാത്ത തിരക്കാണ്. തിരക്കിനിടെ പലർക്കും വീണ് പരിക്കേൽക്കാറുണ്ട്.
പാലക്കാട് ടൗൺ, പുതുനഗരം, കൊല്ലങ്കോട് സ്റ്റേഷനുകളിലെല്ലാം നിരവധി യാത്രക്കാരാണ് കയറുന്നത്. ട്രെയിൽ പൊള്ളാച്ചിയിലെത്തിയാൽ നടപ്പാതയിലടക്കം നിന്നും ഇരുന്നുമാണ് യാത്ര. പാലക്കാട്ടുനിന്നേ തിരക്കുള്ളതിനാൽ പൊള്ളാച്ചി, ഉദുമൽപേട്ട, പഴനി എന്നിവിടങ്ങളിൽനിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ സാഹസികത കാണിക്കണം. ഒറ്റക്കാലിൽ നിൽക്കേണ്ട അവസ്ഥയാണെന്ന് പഴനിയിലേക്ക് യാത്ര ചെയ്യുന്ന വള്ളി പറഞ്ഞു. ഒരു കമ്പാർട്മെന്റിൽ 200ലധികം ആളുകൾ യാത്രചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ട്രെയിനിൽ കൂടുതൽ കമ്പാർട്മെന്റുകൾ ചേർക്കണമെന്ന ആവശ്യം വർഷങ്ങളായി കടലാസിലാണ്. എല്ലാ ആഴ്ചയും വെള്ളി, ഞായർ ദിവസങ്ങളിൽ മേട്ടുപ്പാളയം-തൂത്തുക്കുടി ട്രെയിൻ രാത്രി 7.45ന് പുറപ്പെട്ട് രാത്രി 9.35ന് പൊള്ളാച്ചിയിൽ എത്തും. ഈ ട്രെയിൻ തിരുച്ചെന്തൂരിലേക്ക് നീട്ടണമെന്ന അഭ്യർഥനയും നടപ്പായിട്ടില്ലെന്ന് പൊള്ളാച്ചി റെയിൽവേ പാസഞ്ചർ വെൽഫെയർ അസോ. ഭാരവാഹികൾ പറഞ്ഞു.
ബംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് കഴിഞ്ഞ ഏപ്രിലിൽ പാലക്കാട് ദീർഘിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണ ഓട്ടം നടത്തിയെങ്കിലും റെയിൽവേയുടെ വാഗ്ദാനം പാഴ് വാക്കായി. പാലക്കാട് സർവിസ് അവസാനിപ്പിക്കുന്ന എറണാകുളം-പാലക്കാട് മെമു ട്രെയിൻ (66612) പൊള്ളാച്ചി വരെ സർവിസ് ദീർഘിപ്പിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
മംഗലാപുരം- പൊള്ളാച്ചി- ചെന്നൈ എക്സ്പ്രസ്, ഗുരുവായൂർ-പൊള്ളാച്ചി- പഴനി-മധുര- രാമേശ്വരം എക്സ്പ്രസ് എന്നിവയും മീറ്റർ ഗേജിൽ സർവിസ് നടത്തിയ പാസഞ്ചർ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യം റെയിൽവേ ചെവിക്കൊള്ളാറില്ലെന്ന് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ടിൽ ആവശ്യപ്പെട്ടു. വിഷയം ആലത്തൂർ, പാലക്കാട് എം.പിമാർ ശക്തമായ രീതിയിൽ പാർലമെൻറിൽ അവതരിപ്പിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.