കൊല്ലങ്കോട്: റോഡിലെ കുഴികൾ ജീവനെടുക്കാതിരിക്കാൻ മുൻകരുതലുമായി ഗുഡ്സ് ഓട്ടോ ഡ്രൈവർ. ഗുഡ്സ് ഓട്ടോ തൊഴിലാളിയായ ചീരണി സ്വദേശി ഖമറുദ്ദീനാണ് രണ്ടര കിലോമീറ്റർ റോഡിലെ കുഴികൾ അടക്കാൻ മഴയത്തും മുന്നിട്ടിറങ്ങിയത്. റോഡ് മുഴുവൻ തകർന്ന് അപകടങ്ങൾ വർധിച്ചതോടെയാണ് കുഴികൾ അടക്കാൻ തന്റെ ഓട്ടോയുമായി ഇറങ്ങിയത്.
രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും വിദ്യാർഥികൾക്കും ദുരിതമായതിനെ തുടർന്നാണ് സ്വന്തം വാഹനത്തിൽ പാറപ്പൊടിയും കരിങ്കല്ലുകളുമായി ഖമറുദീൻ രംഗത്തിറങ്ങിയത്. ആരുടെയും സഹായമില്ലാതെ സ്വന്തം ചെലവിൽ സാമഗ്രികൾ വാങ്ങിയാണ് റോഡിലെ വലും ചെറുതുമായ കുഴികൾ അടച്ചത്. നിരവധി അപകടങ്ങൾ സംഭവിച്ച കുഴികളിൽ വിദ്യാർഥികളടക്കം അപകടത്തിലാകാതിരിക്കാനുള്ള എളിയ ശ്രമമായിട്ടാണ് ഖമറുദ്ദീൻ ഇതിനെ കാണുന്നത്.
5000ൽ ത്തിലധികം പേർ വസിക്കുന്ന ചീരണി, കാളികുളമ്പ്, വെള്ളനാറ, പൊരിചോളം പ്രദേശങ്ങളിൽ ഉള്ളവർക്ക് ഏക ആശ്രയമാണ് കൊല്ലങ്കോട്- ചീരണി റോഡ്. റോഡിന്റെ അറ്റകുപ്പണികൾക്കും റീ ടാറിങ്ങിനുമായി 40 ലക്ഷം രൂപ വകയിരുത്തിയെങ്കിലും മഴയെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലായി. റോഡിന്റെ തകർച്ച വൻതോതിലായതോടെ ഖമറുദ്ദീൻ മുന്നിട്ടിറങ്ങിയത് നാട്ടുകാർക്ക് ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.