മൂന്നേക്കറിൽ കാട്ടാന നശിപ്പിച്ച മരച്ചീനി

പ്രതിരോധങ്ങൾ ഫലിക്കുന്നില്ല; മൂന്നേക്കറിൽ കാട്ടാന വിളയാട്ടം

കല്ലടിക്കോട്: വനാതിർത്തികളിൽനിന്ന് ഏറെ ദൂരമുള്ള ജനവാസമേഖലയിൽപോലും കാട്ടാനകളെത്തി കൃഷിനാശം വരുത്തുന്നത് കർഷകർക്ക് തലവേദനയാവുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കർ പ്രദേശവാസികളാണ് കാട്ടാനശല്യംമൂലം പൊറുതിമുട്ടിയിരിക്കുന്നത്.

തങ്ങളുടെ നീണ്ടകാലത്തെ അധ്വാനമെല്ലാം ഒറ്റരാത്രികൊണ്ട് കാട്ടാനകളാൽ നശിപ്പിക്കപ്പെടുന്ന അനുഭവമാണ് ഇന്നാട്ടുകാർക്കെല്ലാം തന്നെ പറയാനുള്ളത്. കഴിഞ്ഞ ഒരു മാസക്കാലമായി രണ്ട് കൊമ്പനാനകൾ ഈ പ്രദേശങ്ങളിൽ വൻതോതിലുള്ള കൃഷി നാശം വരുത്തിയിട്ടും ഇവയെ തുരത്തുന്നതിനുള്ള നടപടി എങ്ങുമെത്തിയില്ല.

രാത്രിയിൽ ആന ജനവാസ മേഖലയിലെത്തിയ വിവരം അറിയിച്ചാൽ വനം വകുപ്പിന്റെ പ്രത്യേക ദ്രുതകർമസേന (ആർ.ആർ.ടി) മണ്ണാർക്കാടുനിന്നും ഇവിടെ എത്തുമ്പോഴേക്കും കാട്ടാനകൾ കൃഷിയൊന്നാകെ തിന്ന് സ്ഥലംവിട്ടിട്ടുണ്ടാകും. കാട്ടാനകൾ നാട്ടിൻപുറത്തേക്ക് കടക്കുന്നത് തടയുന്നതിനായി മീൻവല്ലം മുതൽ തുടിക്കോട് വരെ വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. വൈദ്യുതിവേലി സ്ഥാപിച്ചിട്ടില്ലാത്ത മുണ്ടനാട്, കരിമല, ചെറുമല ഭാഗങ്ങളിലൂടെയാണ് കാട്ടാന ഇപ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കാത്തിരുന്ന് മടുത്തതോടെ വനം വകുപ്പിനെ ആശ്രയിക്കാതെ പലയിടത്തും സ്വകാര്യ വ്യക്തികൾ വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരങ്ങളും മറ്റും തള്ളിയിട്ടു ഇവ തകർത്ത ശേഷം യഥേഷ്ടം കൃഷിയിടത്തിൽ കടന്ന് കൃഷി നശിപ്പിക്കുന്നു.

ശനിയാഴ്ച രാത്രി 11ഓടെ മൂന്നേക്കർ ചുള്ളിയാംകുളം ഹോളി ഫാമിലി കോൺവെന്റിനോടു ചേർന്നുള്ള സ്ഥലത്ത് വൈദ്യുതിവേലി തകർത്ത ശേഷം ഇവിടെയുള്ള വാഴ, മരച്ചീനി തുടങ്ങിയ വിളകൾ വൻതോതിൽ നശിപ്പിച്ചു. കാട്ടാനശല്യത്തിന് പുറമേ പുലി, കടുവ തുടങ്ങിയവയിൽനിന്നുള്ള ബുദ്ധിമുട്ടുകളും കർഷകർ അനുഭവിക്കുന്നുണ്ട്. തുടർച്ചയായി വളർത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോയ സംഭവവുമുണ്ടാകുന്നു. അവയെ പിടികൂടുന്നതിനായി ഒരു കൂട് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം നടപ്പിലായതുമില്ല.

ഇത്തരം സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ ജനകീയ സമരങ്ങൾ ആസൂത്രണം ചെയ്യാനുള്ള തയാറെടുപ്പിലാണ് മൂന്നേക്കർ നിവാസികൾ. വിദൂരങ്ങളിൽ പോയിമടങ്ങുന്ന ഇന്നാട്ടുകാർ രാത്രികാലങ്ങളിൽ കല്ലടിക്കോട്, ഇടക്കുറുശ്ശി തുടങ്ങിയ സ്ഥലങ്ങളിലെത്തി മൂന്നേക്കറിലേക്ക് വാടക വാഹനങ്ങൾ വിളിച്ചാൽ വരാതിരിക്കുന്ന അവസ്ഥയുമുണ്ട്.

Tags:    
News Summary - Prevention measures are not working; Wild elephants roam on three acres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.