representative image

തോന്നുംപടി ബസ് ഓട്ടം വലഞ്ഞ് യാത്രക്കാർ

പാലക്കാട്: നഗരയാത്രികരെ വലച്ച് തോന്നുംപടി ഓടുന്ന ബസുകൾ. കോട്ട മൈതാനം എസ്.ബി.ഐ ജങ്ഷനിൽ സ്വകാര്യ ബസുകൾക്ക് വലതുവശത്തേക്ക് തിരിയാൻ അനുമതി ഇല്ലെങ്കിലും കാലങ്ങളായി തൃശൂർ ബസുകൾ ഇവിടെ നിന്ന് വലതുതിരിഞ്ഞാണ് പോകുന്നത്. ഇതോടെ ജില്ല ആശുപതി ഭാഗത്തിറങ്ങേണ്ട യാത്രക്കാർ പൊരിവെയിലത്തും മഴയിലും കോട്ടക്ക് മുന്നിലിറങ്ങി നടക്കണം. ഇതിനു പുറമെ തൃശൂർ ബസുകൾ ഇത്തരത്തിൽ എസ്.ബി.ഐ ജങ്ഷനിൽനിന്ന് വലത്തേക്ക് പോന്നതിനാൽ യാക്കര ഭാഗത്തുനിന്ന് വരുന്ന ഇതര ബസുകളും കോട്ടക്ക് മുന്നിലൂടെയാണ് സ്റ്റേഡിയം സ്റ്റാൻഡിലെത്തുന്നത്. തൃശൂരിൽനിന്ന് എത്തുന്ന ചില ബസുകൾ ജില്ല ആശുപത്രി ഭാഗത്തേക്കുള്ള യാത്രക്കാരെ സിവിൽ സ്റ്റേഷൻ റോഡിൽ ഇറക്കിവിടുകയും എസ്.ബി.ഐ ജങ്ഷനിൽനിന്നും വലത്തോട്ട് തിരിയുന്നത് സമയ നഷ്ടമാണെന്ന് കാണിച്ച് കോട്ടക്ക് മുന്നിൽ നിർത്താതെ പോവുന്നതും പതിവാണ്.

തൃശൂർ ബസുകൾ സ്റ്റേഡിയം സ്റ്റാൻഡിലേക്ക് മാറ്റിയ സമയത്ത് അഞ്ചുവിളക്ക് വഴി ചുറ്റിവരുന്നത് സമയനഷ്ടത്തിനു കാരണമാകുന്നെന്നു പറഞ്ഞാണ് താൽക്കാലികമായി ഇത്തരമൊരു റൂട്ടുമാറ്റത്തിനൊരുങ്ങിയത്. എന്നാൽ, വർഷങ്ങൾ പിന്നിട്ടും ബസുകൾ കോട്ടക്കു മുന്നിലൂടെയാണ് സ്റ്റേഡിയം സ്റ്റാൻഡിലേക്ക് പോകുന്നത്.

സ്വകാര്യ ബസുകൾക്കു പുറമെ കോയമ്പത്തൂർ, തൃശൂർ, പൊള്ളാച്ചി ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ചിലതും സിവിൽ സ്റ്റേഷൻ വഴി പോകാതെ ഐ.എം.എ ജങ്ഷനിൽനിന്നും നേരെ കോട്ടക്ക് മുന്നിലൂടെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നത്. ഇതോടെ സിവിൽ സ്റ്റേഷൻ, പാലാട്ട് ഹോസ്പിറ്റൽ എന്നിവിടങ്ങളിലിറങ്ങേണ്ട യാത്രക്കാരും ദുരിതത്തിലാവുകയാണ്.

Tags:    
News Summary - Passengers seem to be running the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.