പാലക്കാട്: എലപ്പുള്ളി ഒയാസിസ് ബ്രൂവറി കമ്പനിയിലേക്കുള്ള റോഡിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും എന്‍.ഒ.സിയും റദ്ദ് ചെയ്ത് പഞ്ചായത്ത് ഭരണ സമിതി, ജലസേചന വകുപ്പ് എക്സി. എൻജിനീയര്‍ക്ക് കത്ത് നല്കി. എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറിലെ പ്രദേശത്ത് വാളയാര്‍ പദ്ധതി കനാല്‍ ബണ്ടിലൂടെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി അനുമതി കൊടുത്ത ബ്രൂവറി കമ്പനി ഒയാസിസ് കോമേഴ്ഷ്യല്‍ പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി ആയി ഉപയോഗിക്കുന്നത്. ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ കടുന്നു പോക്ക് മൂലം കനാൽ ബണ്ടുകള്‍ക്കും കാനാലിന്റെ പാര്ശ്വഭിത്തികൾക്കും കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നതായും ഇത് മൂലം ജലവിതരണം സാധിക്കാതെ വരികയും ഇത് കൃഷിയെ ബാധിക്കുന്നതായും ചൂണ്ടിക്കാണിച്ചാണ് ഭരണസമിതി യോഗം ചേര്‍ന്ന് ഇത്തരം തീരുമാനമെടുത്തത്.
കഴിഞ്ഞ 17 നാണ് ഭരണസമിതി റോഡിനുള്ള അനുമതി റദ്ദാക്കി തീരുമാനമെടുത്തത്. 2021 ഡിസംബർ 20ന് പൊതു ഉപയോഗത്തിനായി സെക്രട്ടറി റോഡിന് നല്കിയ പബ്ലിക് യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റും 2022 ഫെബ്രുവരി അഞ്ചിന് ഭരണസമിതി തീരുമാനപ്രകാരം നല്കിയ നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി)യുമാണ് ഭരണസമിതി പഞ്ചായത്തില്‍ നിക്ഷിപ്തമായ അനിവാര്യ ചുമതലകള്‍, പഞ്ചായത്തീ രാജ് ആക്ട് എന്നിവയിലും വകുപ്പുകളും ചട്ടുങ്ങളും നല്കുന്ന അധികാരത്തില്‍ റദ്ദ് ചെയ്തത്.
ഇക്കാര്യം ജലസേചന വകുപ്പ് ചീറ്റൂര്‍ ഡിവിഷന് എക്സി.എൻജിനീയര്‍, വാളയാര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസി.എക്സിക്യൂട്ടീവ് എൻജിനിയര്‍, അസി. എൻജിനീയര്‍ എന്നിവരെ രേഖാമൂലം അറിയിക്കുന്നതിന് ഭരണസമിതി സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 17 ലെ ഈ തീരുമാനം എലപ്പുള്ളി പഞ്ചായത്ത് സെക്രട്ടറി ചിറ്റൂര്‍ പുഴ പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചീയറെ 18 ന് രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.