പല്ലശ്ശന: നാടുവാഴി ഭരണകാലത്തെ വീരപോരാട്ടങ്ങളുടെയും ഐക്യത്തിന്റെയും ഓർമ പുതുക്കി പല്ലശ്ശനയിൽ ഓണത്തല്ലും അവിട്ടത്തല്ലും നടന്നു.
തിരുവോണ നാളിൽ തല്ലുമന്ദത്ത് വിവിധ സമുദായങ്ങളുടെ ഓണത്തല്ലും അവിട്ട നാളിൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രസന്നിധിയിൽ നായർ സമുദായത്തിന്റെ അവിട്ടത്തല്ലുമാണ് അരങ്ങേറിയത്.
സാമൂതിരിയുടെ സാമന്തനായിരുന്ന പല്ലശ്ശന നാടുവാഴി കുറൂർ നമ്പിടിയെ കുതിരവട്ടത്തു നായർ ചതിയിൽ കൊലപ്പെടുത്തിയതിനെതിരെയുള്ള പല്ലശ്ശനക്കാരുടെ ചെറുത്തുനിൽപ്പിന്റെ സ്മരണയാണ് ഈ ചടങ്ങിനു പിന്നിലുള്ളത്. പ്രശ്നം പരിഹരിച്ച സാമൂതിരി ദേശവാസികൾക്ക് വേട്ടയ്ക്കൊരുമകന്റെ വിഗ്രഹം നൽകിയെന്നാണ് വിശ്വാസം. വ്രതാനുഷ്ഠാനത്തോടെയെത്തിയ വിവിധ ദേശങ്ങളിലെ കുട്ടികളും യുവാക്കളും മുതിർന്നവരും ചടങ്ങിൽ സജീവമായി പങ്കെടുത്തു. കാരണവന്മാർ വാളിന്റെ ആകൃതിയിലുള്ള മരക്കൊമ്പ് ഉയർത്തിപ്പിടിച്ചും 'ധൂയ്... ധൂയ്' ആർപ്പുവിളികളോടെ വരിയോട്ടവും നിരയോട്ടവും നടത്തിയാണ് തല്ലിന് തുടക്കമിട്ടത്.
ആറു വയസ്സുള്ള കുട്ടികളുടെ ഓണത്തല്ലോടയാണ് ഇത്തവണ പരിപാടികൾക്ക് തുടക്കമായത്. പരസ്പരം മുതുകത്തടിക്കുന്ന പരമ്പരാഗത രീതിയും ഭസ്മക്കുറിയണിഞ്ഞുള്ള പോർവിളികളും ചടങ്ങിന് വലിയ ആവേശം പകർന്നു. നൂറുകണക്കിന് ദേശവാസികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾ പല്ലശ്ശനയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്നതായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.