ഒറ്റപ്പാലം: രക്തബാങ്കിനായുള്ള വർഷങ്ങൾ നീണ്ട ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തേണ്ട പരീക്ഷണ പ്രവർത്തനം ബുധനാഴ്ച നടക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പറഞ്ഞു.
രക്തബാങ്കുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ സ്ഥാപിച്ച കമ്പനിയുടെ പ്രതിനിധികളുടെ നേതൃത്തിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം നടത്തുക. ദാതാക്കളിൽനിന്ന് രക്തം സ്വീകരിച്ച് നടത്തുന്ന പരീക്ഷണ പ്രവർത്തനത്തിന് ശേഷം രക്തബാങ്കിന്റെ ഉദ്ഘാടന ദിവസം നിശ്ചയിക്കും.
രക്തബാങ്കിന്റെ സേവനം ലഭിച്ചുതുടങ്ങുന്നതോടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രക്തബാങ്ക് സംവിധാനമുള്ള ആശുപത്രികളുടെ എണ്ണം മൂന്നായി ഉയരും. നിലവിൽ പാലക്കാട് ജില്ല ആശുപത്രിയിലും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും മാത്രമാണ് രക്തബാങ്ക് സംവിധാനമുള്ളത്.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ രക്തബാങ്ക് പ്രവർത്തിച്ചുതുടങ്ങുന്നതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രക്തത്തിനായുള്ള നെട്ടോട്ടം ഒഴിവാക്കാനാകും. നിത്യേന 60ലേറെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടക്കുന്ന താലൂക്ക് ആശുപത്രിയിൽ രക്തം ആവശ്യമായി വരുന്ന വേളകളിൽ രോഗികൾക്ക് ജില്ല ആശുപത്രിയെ സമീപിക്കേണ്ട അവസ്ഥയാണിപ്പോൾ.
പി. ഉണ്ണി എം.എൽ.എയായിരിക്കെ അഞ്ച് വർഷം മുമ്പാണ് രക്ത ബാങ്ക് പ്രഖ്യാപിക്കപ്പെട്ടത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 73.51 ലക്ഷം രൂപ ചെലവിട്ട് രക്തബാങ്കിന് ആവശ്യമായ യന്ത്ര സംവിധാനങ്ങളും മറ്റു ഭൗതിക സാഹചര്യങ്ങളുടെ ക്രമീകരണങ്ങളൂം ഒരുക്കിയിട്ടും കാലമേറെയായി.
ദേശീയ ആരോഗ്യ ദൗത്യം മുഖേന ഡോക്ടർമാരെയും ജീവനക്കാരെയും ഇതിനായി നിയമിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ ( സി.ഡി.എസ്.സി.ഒ) അനുമതി വൈകിയതാണ് കാലതാമസത്തിന് ഇടയാക്കിയത്.
അനുമതി ലഭിച്ചതോടെ നടപടിക്രമങ്ങളും വേഗത്തിലായി. പ്രതിമാസം 80 മുതൽ 100 യൂനിറ്റ് വരെ രക്തം സംഭരിക്കാനും രക്തത്തിലെ പ്ലേറ്റ്ലറ്റ്, പ്ലാസ്മ എന്നിവ സൂക്ഷിക്കാനും രോഗികൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യാനും കഴിയുന്നതാണ് രക്തബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.