ഒറ്റപ്പാലം: അർധരാത്രി തോട്ടക്കരയിലെ വീട്ടിൽ അതിക്രമിച്ചുകയറി വയോദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് റാഫിയുടെ ക്രൂരതക്ക് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതായി പൊലീസ്. മകനെ വിട്ടുനൽകില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്നതിലെ വൈരാഗ്യമാണ് ഇരട്ട കൊലപാതകത്തിലെത്തിച്ചതെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. തോട്ടക്കര നാലകത്ത് നസീർ (72), ഭാര്യ സുഹറ (55) എന്നിവരാണ് ഞായറാഴ്ച അർധരാത്രി കൊല്ലപ്പെട്ടത്.
ദമ്പതികളുടെ വളർത്തു മകൾ സുൽഫിയത്തിന്റെ ഭർത്താവാണ് പ്രതിയായ പൊന്നാനി വെളിയങ്കോട് വലിയകത്ത് വീട്ടിൽ മുഹമ്മദ് റാഫി (30). എട്ട് മാസത്തോളമായി അകന്നുകഴിയുന്ന റാഫിയും സുൽഫിയത്തും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ തുടർച്ചയാണ് ഇരട്ടക്കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് കേസിൽ ഉൾപ്പടെ പ്രതിയായ റാഫിയുടെ ക്രിമിനൽ പശ്ചാത്തലം തിരിച്ചറിഞ്ഞ ഭാര്യ സുൽഫിയത്ത് കോടതിയെ സമീപിച്ചിരുന്നു. മലപ്പുറം പടപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ കേസിലും ഒറ്റപ്പാലം സ്റ്റേഷനിൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിലും പ്രതിയാണ് ഇയാൾ.
ഇവരുടെ മൂന്ന് വയസുള്ള മുഹമ്മദ് ഇഷാനെ ആഴ്ചയിൽ ഒരിക്കൽ പിതാവിനൊപ്പം വിടണമെന്ന് നേരത്തെ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കുട്ടിയെ കൊണ്ടുപോയ മുഹമ്മദ് റാഫി കൃത്യസമയത്ത് തിരികെ എത്തിക്കാത്ത സാഹചര്യത്തിൽ ഇനിയും ഇയാൾക്കൊപ്പം കുട്ടിയെ അയക്കേണ്ടതില്ലെന്ന് കോടതി നിർദേശിച്ചു. ലഹരി മാഫിയയുമായുള്ള ഇയാളുടെ ബന്ധം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു നിർദേശം. മകനെ തന്നിൽനിന്ന് അകറ്റിയത് നസീറും സുഹറയുമാണെന്ന് വിശ്വസിച്ച പ്രതി രാത്രി 11 ഓടെ തോട്ടക്കരയിലെ ഭാര്യവീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
വീടിന്റെ പുറകിലൂടെ എത്തിയ പ്രതിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ട നസീറും സുഹറയും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. നസീറിന് ശരീരത്തിൽ നാല് കുത്തുകളേറ്റു. ഇതിൽ നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. സുഹറക്ക് വയറിന് രണ്ട് കുത്തുകളേറ്റു. ആന്തരിക അവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാണ് ജീവൻ നഷ്ടപ്പെടുത്തിയത്. ആക്രമണം കണ്ട് പുറത്തേക്ക് വന്ന മൂന്ന് വയസ്സുകാരൻ ഇഷാനെ കൈയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് പ്രതി കുത്തി പരിക്കേൽപ്പിച്ചു. കുട്ടിയുടെ ഇടതുതോളിലും കക്ഷത്തിന് താഴെയും ഗുരുതര പരിക്കേറ്റു. ഇതിനിടയിൽ കുഞ്ഞിനെയുമെടുത്ത് സുൽഫിയത്ത് റോഡിലേക്ക് ഓടി.
ഈ സമയം കുഞ്ഞിന് പരിക്കേറ്റത് സുൽഫിയത്ത് അറിഞ്ഞിരുന്നില്ല. വിവരം അറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും വീട്ടിലെത്തി പരിശോധിച്ച വേളയിലാണ് ദമ്പതിമാർ കൊല്ലപ്പെട്ട വിവരം അറിയുന്നത്. കൈഞരമ്പ് മുറിച്ച നിലയിൽ സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് റാഫി പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സമീപത്തെ ഖബർസ്ഥാനിൽനിന്ന് ഇയാളെ പിടികൂടിയത്. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയെ സമീപിക്കാനിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.