1. കണ്ണിയംപുറത്ത് കവർച്ച നടന്ന വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു
ഒറ്റപ്പാലം: കണ്ണിയംപുറത്ത് വീണ്ടും മോഷണം. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് അഞ്ച് ലക്ഷത്തോളം രൂപ വില മതിക്കുന്ന വജ്രം പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കണ്ണിയംപുറം ശ്രീരാംനഗറിൽ നന്ദകുമാറിന്റെ ശ്രീനന്ദനം വീട്ടിലാണ് വൻ കവർച്ച നടന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ടുതകർത്ത് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നിരിക്കുന്നത്. വജ്രമാലയും മോതിരവുമാണ് നഷ്ടപ്പെട്ടത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്ന് മുതൽ വീട് പൂട്ടികിടക്കുകയാണ്. നന്ദകുമാറിന്റെ ഭാര്യയുടെ മാതാപിതാക്കൾ ഇടക്കിടെ വീട്ടിലെത്താറുണ്ട്. വീടിന്റെ വൈദ്യുതി ബിൽ എത്തിയിട്ടുണ്ടോ എന്നന്വേഷിക്കാൻ ഭാര്യാപിതാവ് ശനിയാഴ്ച വീട്ടിൽ എത്തിയപ്പോഴാണ് അടച്ചിട്ട വാതിലിന്റെ പൂട്ട് കുത്തിത്തുറന്നതായി ശ്രദ്ധയിൽപെട്ടത്. തുടർന്നുള്ള പരിശോധനയിലാണ് മുറിക്കുള്ളിലെ അലമാരയിൽനിന്ന് ആഭരണങ്ങൾ കവർന്നതായി അറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
ജനുവരി ആദ്യവാരം രണ്ട് വ്യാപാര സ്ഥാപനത്തിലും രണ്ട് ക്ഷേത്രങ്ങളിലും മോഷണവും നാല് വീടുകളിലും മറ്റൊരു ക്ഷേത്രത്തിലും മോഷണ ശ്രമങ്ങളും നടന്നിരുന്നു. മോഷണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.