പാലക്കാട്: ജില്ലയിൽ 2010 മുതൽ 2023 വരെ റിപ്പോർട്ട് ചെയ്ത 28 കുട്ടികളുടെ സംശയാസ്പദ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ബാലാതിക്രമ വിരുദ്ധ സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരണങ്ങൾ പഠനവിധേയമാക്കി നടത്തിയ അവലോകനത്തിൽ, പൊലീസ് അന്വേഷണത്തിലും പോസ്റ്റ്മോർട്ടം നടപടികളിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവരെ കണ്ടപ്പോൾ പരിശോധിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യകളായി ആദ്യം എഴുതിത്തള്ളിയ കേസുകളിൽ ഭൂരിഭാഗവും അതീവ ദുർബലരായ പട്ടിക വിഭാഗത്തിൽപെട്ടവരാണ്.
ഈ കേസുകൾ അന്വേഷിക്കുന്നതിൽ പൊലീസ് ഗുരുതര വീഴ്ചകളാണ് വരുത്തിയതെന്നാണ് ഇതുസംബന്ധിച്ച് തയാറാക്കിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.. ശരീരത്തിലെ മുറിവുകൾ, ആന്തരിക രക്തസ്രാവം, ശ്വാസംമുട്ടിക്കൽ, തലച്ചോറിലെ രക്തസ്രാവം തുടങ്ങിയ നിർണായക പരിക്കുകൾ ഉണ്ടായിരുന്നിട്ടും അവ കൃത്യമായി രേഖപ്പെടുത്തുന്നതിലും ശാസ്ത്രീയമായി പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. 14 കേസുകളിൽ സംഭവസ്ഥലത്തുവെച്ച് ലഭിക്കേണ്ട നിർണായക തെളിവുകൾ ശേഖരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പറയുന്നു.
സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജൻസികളുടെ അന്വേഷണം ഉറപ്പാക്കണമെന്നും കസ്റ്റഡി മരണങ്ങളിൽ പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധന, തെളിവ് ശേഖരണം എന്നിവക്ക് ദേശീയതലത്തിൽ ഏകീകൃത മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ബാലാതിക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.സി. അശോക്, വിളയോടി വേണുഗോപാൽ, ഫാ. അഗസ്റ്റിൻ വട്ടോളി, കെ. വാസുദേവൻ, കാർത്തികേയൻ, സലിൽ ലാൽ അഹ്മ്മദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.