പട്ടാമ്പിയിൽ വ്യാപാരസ്ഥാപനത്തിലേക്ക് വെള്ളം കയറിയ നിലയിൽ
പട്ടാമ്പി: ഷൊർണൂർ ഐ.പി.ടി -നിള ഹോസ്പിറ്റൽ റോഡ് നവീകരണത്തിന്റെ ഭാഗമായ അഴുക്കുചാൽ നിർമാണം ഇഴയുന്നത് മൂലം പട്ടാമ്പി ബസ് സ്റ്റാൻഡ് പരിസരത്ത് വ്യാപാരികൾ ദുരിതത്തിൽ. കഴിഞ്ഞദിവസം കനത്ത മഴയിൽ ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി. വെള്ളം കയറി സ്ഥാപനങ്ങളിലെ സാധനസാമഗ്രികൾക്ക് നാശം സംഭവിച്ചതായി വ്യാപാരികൾ പറയുന്നു.
അഴുക്കുചാൽ നിർമാണ സമയത്ത് മുൻകാലങ്ങളിൽ നിക്ഷേപിച്ചിരുന്ന എല്ലാ പൈപ്പുകളും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നിർദേശാനുസരണം അടച്ചിരിക്കുകയാണ്. ഇതുമൂലം നിലവിൽ ഓരോ കെട്ടിടത്തിന്റെയും അടിവശത്ത് നിന്നും ഉണ്ടാവുന്ന ഉറവിലൂടെ വരുന്ന ശുദ്ധജലം ഉൾപ്പെടെ തടസ്സമില്ലാതെ ഒഴിഞ്ഞുപോകുന്നതിന് വലിയ തോതിൽ തടസ്സം നേരിട്ടിരിക്കുകയാണ്.
പ്രശ്നത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂനിറ്റ് ഇടപെട്ടതോടെ പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ, പട്ടാമ്പി നഗരസഭ ചെയർപേഴ്സൻ ടി.പി. ഷാജി തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് എന്ന് ഉറപ്പും നൽകുകയും ചെയ്തു.
മുഹമ്മദ് മുഹസിൻ എം.എൽ.എ അടിയന്തരമായി വിളിച്ചുചേർത്ത യോഗത്തിൽ റെയിൽവേ ലൈനിനോട് ചേർന്ന് വരുന്ന കെട്ടിടങ്ങളുടെ പിറകുവശത്തുനിന്നും ഉണ്ടാവുന്ന മഴവെള്ളം മാത്രം കൃത്യമായി പുതിയതായി നിർമിച്ച അഴുക്കുചാലിൽ എത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.