പാലക്കാട്: വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടി വീണും വൈദ്യുതാഘാതമേറ്റും ഉണ്ടാകുന്ന അപകടങ്ങൾ നിത്യസംഭവമാകുന്ന സമയമാണ് മഴക്കാലം. ഇത്തരം അപകടങ്ങൾക്കെതിരെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കനുസരിച്ച് ജില്ലയിൽ കഴിഞ്ഞ ആറ് സാമ്പത്തിക വർഷത്തിനിടെ 45 പേർക്കാണ് പലവിധ വൈദ്യുത അപകടങ്ങൾ കാരണം ജീവൻ നഷ്ടപ്പെട്ടത്. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2022-23 സാമ്പത്തിക വർഷമാണ് ഏറ്റവും കൂടുതൽ അപകട മരണങ്ങളുണ്ടായത് -11 എണ്ണം. ഈ സാമ്പത്തിക വർഷം ഇതുവരെ നാല് മരണങ്ങൾ സംഭവിച്ചു. പൊട്ടിവീണ വൈദ്യുത ലൈനുകളിലോ ഉപകരണങ്ങളിലോ അബദ്ധത്തിൽ തട്ടിയാണ് അപകടങ്ങൾ ഉണ്ടായിട്ടുള്ളത്. 16 മൃഗങ്ങളും ഇക്കാലയളവിൽ വൈദ്യുത അപകടങ്ങളിൽ പെട്ട് ചത്തു.
അശ്രദ്ധയും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണ് മിക്ക അപകടങ്ങൾക്കും കാരണം. മഴക്കാലത്ത് വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹനിര്‍മിതമായ ഏണി, തോട്ടി, ഇരുമ്പ് പൈപ്പ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കും. വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണികള്‍, പെയിന്റിങ്, തേങ്ങയിടല്‍, മരങ്ങള്‍ വെട്ടല്‍, പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍, മേല്‍ക്കൂര വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ക്കിടെയാണ് അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്. ലോഹ ഏണിയോ തോട്ടിയോ വൈദ്യുതിലൈനില്‍ തട്ടുകയോ അതിന് വളരെ അടുത്തെത്തുകയോ ചെയ്താലോ വൈദ്യുതാഘാതമുണ്ടാകാന് സാധ്യതയുണ്ട്. മുളകൊണ്ടുള്ള ഏണിയോ തോട്ടിയോ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന ധാരണ തെറ്റാണെന്നും വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നു. മഴയോ ഈര്‍പ്പമോ ഉള്ള സാഹചര്യങ്ങളില്‍ മുളയിലൂടെ പോലും വൈദ്യുതി പ്രവഹിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ഉപകരണങ്ങളും വൈദ്യുതിലൈനുകള്‍ക്ക് സമീപം ഉപയോഗിക്കരുത്.
പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും തേങ്ങയിടലിനും മരംമുറിക്കലിനും വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ഏണിയും തോട്ടിയും വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ താഴ്ന്ന ഉയരത്തില്‍ കടന്നുപോകുന്ന വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജോലി ചെയ്യുമ്പോള്‍ സുരക്ഷിത അകലം പാലിക്കണം. ആവശ്യമെങ്കില്‍ മുന്‍കൂട്ടി വൈദ്യുതി വകുപ്പിന്റെ സഹായം തേടണം. അനധികൃത വൈദ്യുത വേലികളിൽ തട്ടിയും അപകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത്തരത്തിൽ പത്ത് പേർക്കാണ് ജില്ലയിൽ ജീവൻ പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.