നഗരത്തിൽ അരിക്കാരത്തെരുവ് റോഡിൽ രൂപപ്പെട്ട കുഴി സമീപവാസികൾ മണ്ണും കല്ലുമിട്ട് ഗതാഗതയോഗ്യമാക്കിയപ്പോൾ
പാലക്കാട്: റീടാറിങ് ചെയ്ത് അറ്റകുറ്റപ്പണി പൂർത്തിയായ നഗരറോഡുകളിൽ മാസങ്ങൾ പിന്നിടുന്നതിന് മുന്നേ ദുരിതയാത്ര. താരതമ്യേന ശുഷ്കമായ മഴയായിരുന്നിട്ടും മിക്ക റോഡുകളിലും ചെറുകുഴികൾ രൂപപ്പെട്ടിട്ടിട്ടുണ്ട്.ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽ പെടുന്നത് പതിവായതോടെ ചിലയിടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണും കല്ലും ഇട്ട് നികത്തിയാണ് ഗതാഗതം.
ഇതാകട്ടെ മഴയൊന്നെത്തിയാൽ വീണ്ടും ഒലിച്ചുപോവും. ഏറെ നാളത്തെ മുറവിളികൾക്കൊടുവിൽ ടാർ ചെയ്ത റോബിൻസൺ റോഡിൽ വാഹനവുമായി കടന്നുപോവണമെങ്കിൽ കരുതൽ ഇത്തിരി പോര. ഗട്ടറുകളുടെ ഘോഷയാത്രയാണ്.വൈകി ആരംഭിച്ച അറ്റകുറ്റപ്പണി അവസാനിച്ചതിന് പിന്നാലെ മഴവെള്ളം കെട്ടി റോഡിന്റെ ഉപരിതലം പലയിടത്തും പൊളിഞ്ഞുനീങ്ങിയാണ് കുഴികൾ രൂപപ്പെട്ടത്.
ഇവിടെ കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നഗരസഭാധികൃതർ മുഖം തിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ ഗേറ്റിന് സമീപം സ്ഥാപിച്ചിട്ടുള്ള ഹംപുകളോട് ചേർന്ന് കുഴിയുണ്ട്.കഴിഞ്ഞ ദിവസം രാത്രി ഹംപിറങ്ങി കുഴിയിൽ ചാടിയ ഇരുചക്രവാഹനം മറിഞ്ഞിരുന്നു, കാര്യമായ പരിക്കുകളില്ലാതെ യാത്രക്കാരൻ രക്ഷപ്പെട്ടത് ആശ്വാസമായി.
പോക്കറ്റ് റോഡുകളാവട്ടെ അതിലും ശോചനീയമാണ്. ജില്ല ആശുപത്രിക്ക് സമീപത്ത് കൂടെ പാളയപ്പേട്ട വഴി സ്റ്റേഡിയം ബൈപാസിലെത്തുന്ന റോഡിൽ രാത്രിയിൽ അറിയാത്തവർ വാഹനവുമായി ഇറങ്ങിയാൽ ഓടയിൽ വീണേക്കും. തുറന്ന ഓടകളും ഒരടിയോളം താഴ്ചയുള്ള കുഴികളുമുള്ള റോഡിൽ വാഹനത്തിരക്കും പതിവാണ്. വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ കാൽ നടയായും ഇവിടെ കടന്നുപോകുന്നുണ്ട്.പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകളുടെ എല്ലാം സ്ഥിതി സമാനമാണ്.
ജി.ബി റോഡിനെയും മേട്ടുപ്പാളയം തെരുവിനെയും ബന്ധിപ്പിക്കുന്ന എരുമക്കാരത്തെരുവ്, നൂറണി പുതുപ്പള്ളി, നൂറണി -വിത്തുണ്ണി റോഡ്, ബി.ഒ.സി റോഡ്, മഞ്ഞക്കുളം -മാർക്കറ്റ് റോഡ്, മാതാകോവിൽ റോഡ്, ബി.ഒ.സി റോഡ്, പെൻഷൻ സ്ട്രീറ്റ് എന്നിവിടങ്ങളിലെല്ലാം സമാനമാണ് സ്ഥിതി.പൊളിഞ്ഞ റോഡിൽ തെരുവുവിളക്കുകൾ കൂടി കണ്ണടക്കുന്നതോടെ പലയിടത്തും ദുരിതം ഇരട്ടിക്കും.
ഏറെ നാളത്തെ മുറവിളികൾക്കൊടുവിലാണ് നഗരസഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളിൽ വിരലിൽ എണ്ണാവുന്നവയുടെ നവീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കാനായത്. ജി.ബി റോഡിലും കോളജ് റോഡ്, ആർ.എസ് റോഡ്, മേട്ടുപ്പാളയം സ്ട്രീറ്റ് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി എത്തിയപ്പോൾ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന എരുമക്കാര തെരുവ് റോഡും കോഴിക്കട റോഡും തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നവീകരണത്തിന് നടപടിയായില്ല. കന്നാരത്തെരുവിൽ അൽപഭാഗം കോൺക്രീറ്റ് ചെയ്യുന്നതിൽ ഒതുങ്ങി നവീകരണം. മഴ ഇനിയും ശക്തമാവുകയാണെങ്കിൽ നഗരറോഡുകളിൽ യാത്ര ദുഷ്കരമാവുമെന്ന് നഗരവാസികൾ ചൂണ്ടിക്കാണിക്കുന്നു. താൽക്കാലികമായെങ്കിലും അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.