പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു

കൂറ്റനാട് (പാലക്കാട്): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു. പാലക്കാട് കറുകപുത്തൂര്‍ പ്രദേശത്താണ് സംഭവം. സംഭവത്തിൽ പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 15വയസുമുതല്‍ നാലു വര്‍ഷമായി മയക്കുമരുന്നിന് അടിയമയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

പ്രദേശത്തെ 25കാരൻ സ്വകാര്യ കമ്പ്യൂട്ടർ സെന്‍ററില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും പ്രായപൂര്‍ത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു. കഞ്ചാവ്, കൊക്കെയിന്‍ തുടങ്ങിയ മാരക ലഹരികൾ പെണ്‍കുട്ടിക്ക് നൽകിയ ഇയാൾ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്തു. കഴിഞ്ഞമാസം 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാർ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാര്‍ അറിയുന്നത്.

പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്‍റെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ജൂണ്‍ എട്ടിന് യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു.

യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുകയാണത്രെ. പ്രദേശത്തെ മറ്റു രണ്ടുപേര്‍ ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചതായും പറയുന്നുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നേരിട്ട് പരാതി നല്‍കിയെന്ന് മാതാവ് പറയുന്നു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്ക് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.