അനിൽകുമാർ
ഒറ്റപ്പാലം: ഭാര്യയുടെ വീട്ടിലെത്തിയ മധ്യവയസ്കൻ ഭാര്യ ഉൾപ്പടെ നാലുപേരെ കുത്തിപരിക്കേൽപ്പിച്ചു. സംഭവത്തിൽ ലക്കിടി രാമകൃഷ്ണപടി ‘അദ്വൈത’ത്തിൽ അനിൽകുമാറിനെ (45) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച വൈകീട്ട് ആറോടെ മയിലുംപുറത്താണ് ആക്രമണമുണ്ടായത്.
അനിൽകുമാറിന്റെ ഭാര്യ പത്മശ്രീ പുത്തൻ വീട്ടിൽ പത്മജ, സഹോദരൻ സച്ചിൻ, പിതൃസഹോദരൻ മോഹൻകുമാർ, ബന്ധു വിഷ്ണുജിത്ത് എന്നിവർക്കാണ് കത്തികൊണ്ടുള്ള കുത്തേറ്റത്. പത്മജ സ്വന്തം വീട്ടിലേക്ക് പോകുന്നത് അനിൽകുമാർ വിലക്കിയിരുന്നതായി പറയുന്നു. അനിൽകുമാർ പത്മജയുടെ വീട്ടിലെത്തിയ ഉടൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പത്മജയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് തടയാനുള്ള ശ്രമത്തിനിടയിലാണ് മറ്റു മൂന്നുപേർക്ക് കുത്തേറ്റത്. നെഞ്ചിലും മുതുകിലും ആഴത്തിൽ കുത്തേറ്റ മോഹൻകുമാറിന്റെ പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റവർ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ അശുപത്രികളിൽ ചികിത്സയിലാണ്. പ്രതിയെത്തിയ സ്കൂട്ടിയിൽ വേറെയും കത്തികൾ കരുതിയിരുന്നതായും ഭാര്യയെ വധിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇയാളുടെ വരവെന്നും സച്ചിൻ പറഞ്ഞു. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.