കൂറ്റനാട്: മണ്ഡല ആസ്ഥാനമായ തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ എ.പി. അബ്ദുല്ലക്കുട്ടി പ്രസിഡന്‍റായ യു.ഡി.എഫ് ഭരണശേഷം ഇടതുപക്ഷത്തിന്‍റെ കൈയിലാണ് തൃത്താല. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് എങ്കിലും കഴിഞ്ഞതവണ 14 വാര്‍ഡില്‍ രണ്ടെണ്ണത്താൽ തൃപ്തിപ്പെടേണ്ടിവന്നു. അതില്‍നിന്ന് ഇത്തവണ ഭരണം പിടിക്കാൻ കരുത്ത് നൽകുന്ന സംഘടന പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് പാര്‍ട്ടിക്കകത്തു തന്നെ മുറുമുറുപ്പുണ്ട്.
രണ്ട് തവണ നേടിയ മികച്ച വിജയം ആവര്‍ത്തിക്കാനൊരുങ്ങി എല്‍.ഡി.എഫും മുമ്പ് നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണ 14 സീറ്റില്‍ രണ്ടെണ്ണം മാത്രമാണ് യു.ഡി.എഫിന് നേടാനായത്. മന്ത്രി മണ്ഡലത്തിലെ ബ്ലോക്കായ തൃത്താലയില്‍ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളടക്കം വിഷയമാക്കിയാണ് എല്‍.ഡി.എഫ് രംഗത്തെത്തിയിട്ടുള്ളത്. അതേസമയം, കഴിഞ്ഞ പത്തുവര്‍ഷക്കാലം തൃത്താല ബ്ലോക്കില്‍ വികസനമുരടിപ്പ് നേരിട്ടെന്ന ആരോപണവുമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വാര്‍ഡ് വിഭജനശേഷം ഇക്കുറി 16 സീറ്റാണ് ബ്ലോക്കിന്‍റെ പരിധിയിലുള്ളത്. നിലവിലെ വൈസ് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി അടക്കമുള്ള നേതാക്കള്‍ ഇക്കുറി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായിട്ടുണ്ട്. കഴിഞ്ഞ തവണ വനിതാസംവരണമായിരുന്ന പ്രസിഡന്റ് സ്ഥാനം ഇക്കുറി ജനറലാണ്. നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, ചാലിശ്ശേരി, പട്ടിത്തറ, ആനക്കര, കപ്പൂര്‍ എന്നീ പഞ്ചായത്തുകളാണ് ബ്ലോക്കിലുള്ളത്. ഇതില്‍ ചാലിശ്ശേരി, പട്ടിത്തറ, ആനക്കര എന്നിവിടങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് ഭരണമുള്ളത്.
കപ്പൂരില്‍ തുല്യതയിലുമാണ്. കുമ്പിടി, കൂടല്ലൂര്‍, അങ്ങാടി, ആലൂര്‍, മേഴത്തൂര്‍, തൃത്താല, തിരുമിറ്റക്കോട്, കറുകപുത്തൂര്‍, നാഗലശ്ശേരി, കോതച്ചിറ, ചാലിശ്ശേരി, കവുക്കോട്, കപ്പൂര്‍, കുമരനെല്ലൂര്‍ ഡിവിഷനുകളാണ് നിലവിലുള്ളത്. ഇതില്‍ ആലൂരും കൂടല്ലൂരും ഒഴികെ വാര്‍ഡുകളിലെല്ലാം എല്‍.ഡി.എഫ് പ്രതിനിധികളാണ്. ഇവയെല്ലാം എല്‍.ഡി.എഫിന് ഏറെ ശക്തിയുള്ള ഇടങ്ങളാണ്.
എന്നാൽ ചാലിശ്ശേരിയടക്കം രണ്ട് വാര്‍ഡുകള്‍ കഴിഞ്ഞ തവണ ചുരുക്കം വോട്ടുകള്‍ക്കാണ് യു.ഡി.എഫിന് നഷ്ടമായത്. ഇത്തരം വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. തൃത്താല, മേഴത്തൂര്‍, തിരുമിറ്റക്കോട്, കറുകപുത്തൂര്‍ വാര്‍ഡുകളും ഇക്കുറി പിടിച്ചെടുക്കാനാവുമെന്ന വിശ്വാസവും യു.ഡി.എഫ് പുലർത്തുന്നുണ്ട്. നാഗലശ്ശേരി, തിരുമിറ്റക്കോട്, കപ്പൂര്‍, തൃത്താല തുടങ്ങി സ്വാധീനമുള്ള വാര്‍ഡുകള്‍ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്. ബി.ജെ.പിയും ഇക്കുറി ശക്തമായ പ്രചാരണമാണ് കാഴ്ചവെക്കുന്നത്.
ബി.ജെ.പി കൂടുതല്‍ വോട്ട് പിടിച്ചാല്‍ ഇരുമുന്നണികളെയും ബാധിക്കും. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷം വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ലെങ്കിലും അതിനുമുമ്പുള്ള ഭരണകാലം വിജിലന്‍സ് അന്വേഷണം വരെ നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.