പാലക്കാട്: പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ കറുകമണി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ല കലക്ടർ ഓരോ മാസവും പദ്ധതി അവലോകനം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കർഷകർ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വെള്ളം ലഭ്യമാകുന്ന തരത്തിൽ ചെക്ക്ഡാം നിർമാണം പൂർത്തിയാക്കണം.
കറുകമണി പാടശേഖരങ്ങളിൽ കാർഷികാവശ്യങ്ങൾക്കായി വെള്ളം സുലഭമായി ലഭ്യമാകാനുള്ള പദ്ധതി നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പരാതിക്കാർക്ക് കലക്ടർക്ക് അപേക്ഷ നൽകാം. കലക്ടർ തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടർ മുഖേന അന്വേഷണം നടത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതരുടെ യോഗം വിളിക്കണം. ഭാവിയിൽ ഈ മേഖലയിലെ പാടശേഖരങ്ങളിൽ വെള്ളം ആവശ്യാനുസരണം എത്തിക്കാനുള്ള മാർഗം കണ്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് അധികൃതർക്ക് നൽകണമെന്നും കലക്ടർക്ക് നിർദ്ദേശം നൽകി.
കറുകമണിയിലെ കാർഷിക മേഖലയിൽ വെള്ളമെത്തിക്കാൻ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 1999ലാണ് രൂപം നൽകിയത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെങ്കിലും പദ്ധതി നടപ്പായില്ല. 2025-26 വർഷം നടപ്പാക്കുന്ന കറുകമണി അലങ്കാരത്തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണത്തിനായി 3 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കലക്ടർ കമീഷനെ അറിയിച്ചു. 2027 ജനുവരി 14 വരെ പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധി നീട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ, 27 വർഷമായി കർഷകർ പദ്ധതിക്കായി കാത്തിരിക്കുകയാണെന്ന് കെ.കെ. റിജു നൽകിയ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.