പാലക്കാട്: അഞ്ചുവർഷം മുമ്പ് മന്ത്രി നിർമാണോദ്ഘാടനം നടത്തിയ കൽപാത്തി വൈദ്യുതി സെക്ഷൻ ഓഫിസ് യാഥാർഥ്യമായില്ല. ഇപ്പോഴും ഒലവക്കോട്ടെ വാടക കെട്ടിടത്തിന്റെ രണ്ടാംനിലയിലെ സ്ഥലപരിമിതിയിൽ വലയുകയാണ് കൽപാത്തി സെക്ഷൻ ഓഫിസ്.
2014ലാണ് ശേഖരീപുരം ജങ്ഷനോട് ചേർന്ന 30 സെന്റ് ഭൂമി കൽപാത്തി 33 കെ.വി സബ്സ്റ്റേഷൻ, കൽപാത്തി വൈദ്യുതി സെക്ഷൻ ഓഫിസ്, സബ്ഡിവിഷണൽ ഓഫിസ് കെട്ടിടത്തിനുമായി നഗരസഭയിൽനിന്ന് വാങ്ങിയത്.
10 സെന്റ് സ്ഥലത്ത് നിലവിൽ ഒലവക്കോട് പ്രവർത്തിക്കുന്ന കൽപാത്തി സെക്ഷന് സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയായിരുന്നു 2019 ഡിസംബർ 23ന് അന്നത്തെ മന്ത്രി എം. മണി നടത്തിയ നിർമാണോദ്ഘാടനത്തോടെ ഉണ്ടായിരുന്നത്.
ഒലവക്കോട്, മലമ്പുഴ, കൽപാത്തി സെക്ഷനുകളുടെ ചുമതലയിലെ സബ്ഡിവിഷൻ ഓഫിസ് കെട്ടിടം, കൽപാത്തി സെക്ഷൻ ഓഫിസ്, യാർഡ്, ചുറ്റുമതിൽ എന്നിവക്കായി 1.16 കോടി രൂപയാണ് ബോർഡ് വകയിരുത്തിയിരുന്നത്. സെക്ഷൻ-സബ്ഡിവിഷൻ ഓഫിസിനുള്ള നിർമാണ അനുമതിയും നേടിയിരുന്നു. സാങ്കേതിക അനുമതി നേടി കാലാവധി രണ്ടുവർഷം പൂർത്തിയായപ്പോൾ പുതുക്കുകയും ചെയ്തു. ഭൂമി തരംമാറ്റികിട്ടൽ, നഗരസഭയിൽനിന്ന് കെട്ടിട നിർമാണ അനുമതി എന്നിവ ലഭിച്ചിരുന്നെങ്കിലും ഉദ്ഘാടന ഘട്ടത്തിൽനിന്ന് ഒരിഞ്ചുപോലും മുന്നോട്ട് പോയില്ല. കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡിന്റെ താൽപര്യക്കുറവാണ് പദ്ധതി യാഥാർഥ്യമാകാൻ തടസ്സമായത്. ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ട് പദ്ധതി നടപ്പാക്കാമെന്ന മറുപടിയാണ് അന്വേഷണങ്ങൾക്ക് ലഭിച്ചത്.
അതേസമയം, അതേവർഷം നിർമാണോദ്ഘാടനം നടത്തിയ നെന്മാറ കയറാടി സെക്ഷൻ ഓഫിസ് പൂർത്തീകരിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. രാഷ്ട്രീയ താൽപര്യങ്ങളും അവഗണക്ക് പിന്നിലുണ്ടെന്ന ആരോപണമുണ്ട്. നിലവിൽ കൽപാത്തി സെക്ഷൻ ഓഫിസിലെ സാധന സാമഗ്രികൾ കൊണ്ടിടാൻ മാത്രമുള്ള സ്ഥലമായി ഇത് മാറിക്കഴിഞ്ഞു.
നേരത്തെ കൽപാത്തി അഗ്രഹാരത്തിന് സമീപത്തായിരുന്നു സെക്ഷൻ ഓഫിസ്. 2003 ലാണ് ഒലവക്കോട് ജങ്ഷനിലെ അരിസ്റ്റോ കോംപ്ലക്സിലെ രണ്ടാം നിലയിലെ വാടകക്കെട്ടിടത്തിലേക്ക് മാറിയത്. കാഷ് കൗണ്ടർ ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും എത്താൻ പ്രയാസമാണിവിടെ. കെ.എസ്.ഇ.ബിയുടെ സാധന സാമഗ്രികളാകട്ടെ റോഡരികിലും മറ്റുമാണ് സംഭരിച്ചിരിക്കുന്നത്. ഒലവക്കോടുതന്നെ പ്രവർത്തിക്കുന്ന ഒലവക്കോട് സെക്ഷൻ ഓഫിസ് മറ്റൊരിടത്തുണ്ട്. പലർക്കും ഓഫിസ് മാറി കൽപാത്തി സെക്ഷൻ ഒാഫിസിലെത്തുക പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.