മുണ്ടൂരിൽ പാതി വില തട്ടിപ്പിനിരയായവർ നടത്തിയ പ്രതിഷേധം
മുണ്ടൂർ: പാതിവിലക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി ഏകദേശം ഒന്നര കോടി രൂപ വാങ്ങിയ ധനകാര്യ സ്ഥാപനത്തിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് തട്ടിപ്പിനിരയായവരുടെ പ്രതിഷേധം. മുണ്ടൂർ നാഷനൽ യുവ കോഓപറേറ്റിവ് സൊസൈറ്റിക്ക് മുന്നിൽ പ്രതിഷേധക്കാർ സമരം നടത്തി.
തട്ടിപ്പ് നടത്തിയ സ്ഥാപനം അടച്ചിടുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, വാങ്ങിയ പണം തിരിച്ചുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരത്തിനിറങ്ങിയത്. നൂറുകണക്കിനാളുകൾ സ്ഥാപനത്തിന് മുന്നിൽ തടിച്ചുകൂടിയത് സംഘർഷത്തിന്റെ വക്കിലെത്തിയെങ്കിലും പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. പൊലീസ് മേധാവി അജിത് കുമാർ
ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിഷേധക്കാരോട് ചർച്ച നടത്തി. ശനിയാഴ്ച ഉച്ചയോടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പുറത്തിറക്കി സൊസൈറ്റി പൂട്ടിയതോടെയാണ് പ്രതിഷേധ സമരം നിർത്തിയത്.
തട്ടിപ്പിനിരയായവർക്ക് പിന്തുണയുമായി സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി.എ. ഗോകുൽദാസ്, സി.പി.എം, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരും പ്രതിഷേധക്കാർക്കൊപ്പം ഉണ്ടായിരുന്നു.
മുണ്ടൂരിലെ സ്വകാര്യ സ്ഥാപനം മുഖേന 286 പേരാണ് പണം നൽകിയിരുന്നത്. പ്രതിഷേധ സ്ഥലത്തെത്തിയ ജില്ല പൊലീസ് മേധാവിക്ക് 40 പേർ നേരിട്ടും കോങ്ങാട് പൊലീസിൽ 70 പേർ മുമ്പും പരാതി നൽകിയിട്ടുണ്ട്. 66,300 രൂപ വീതമാണ് ഒരാളിൽനിന്ന് പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് വാങ്ങിയത്. നഷ്ടപ്പെട്ട പണം തിരിച്ച് ആവശ്യപ്പെട്ടവരോട് സ്ഥാപനത്തിലുള്ള ജീവനക്കാർ മോശമായി പെരുമാറിയതായി ആരോപണമുണ്ട്. പണം വാങ്ങിച്ച ഉത്തരവാദിത്തം സമ്മതിക്കാത്ത നിലപാടാണ് ഇവർ സ്വീകരിച്ചതെന്ന് പരാതിയുണ്ട്.
ബി.ജെ.പി അനുഭാവികളുടെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണിതെന്ന് ആരോപണമുണ്ട്. അതേസമയം മുണ്ടൂർ നാഷനൽ യുവ കോഓപറേറ്റിവ് സൊസൈറ്റിക്ക് തട്ടിപ്പുമായി ബന്ധമില്ലെന്ന് അധികൃതർ പറഞ്ഞു.
സൊസൈറ്റിയിൽ പണമിടപാട് നടത്തിയ സ്വീഡ് സൊസൈറ്റിക്ക് അക്കൗണ്ടുണ്ട്. അവരുടെ അക്കൗണ്ട് വഴിയാണ് സൊസൈറ്റി വഴി അനന്തകൃഷ്ണന്റെ പ്രഫഷനൽ ഇന്നവേഷൻ എന്ന സ്ഥാപനത്തിലേക്ക് മുഴുവൻ പണവും അയച്ചിട്ടുള്ളത്.
നാഷനൽ യുവ സൊസൈറ്റി പ്രസിഡന്റ് വിനോദ് കൃഷ്ണ, സെക്രട്ടറി പി.വി. സജീവ് എന്നിവർ സ്വീഡ് സൊസൈറ്റിയുടെയും ഭാരവാഹികളാണ്. ഇവർ രണ്ട് പേരെയും യുവ സൊസൈറ്റിയിൽ നിന്ന് പുറത്താക്കിയതായി അധികൃതർ പറഞ്ഞു.
പാലക്കാട്: പാതിവില തട്ടിപ്പ് കേസിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ അന്വേഷണം കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമായി മാറാൻ സാധ്യതയുണ്ട്. ഇരകളിൽ ഭൂരിഭാഗവും സാധാരണക്കാരായ സ്ത്രീകളായതിനാൽ തട്ടിപ്പിന് നേരിട്ടോ അല്ലാതെയോ പ്രോത്സാഹനം നൽകിയ അതിന്റെ ഭാഗമായ വ്യക്തികൾക്കും രാഷ്ട്രീയ സംഘടനകൾക്കും നേതാക്കൾക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല.
തട്ടിപ്പിന്റെ ഭാഗമായി ജനപ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് നിരവധി പരിപാടികൾ പ്രതി സംഘടിപ്പിച്ചപ്പോഴും പാതിവില തട്ടിപ്പാണെന്ന് തിരിച്ചറിയാൻ ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ്, സ്പെഷൽ ബ്രാഞ്ച്, ഇന്റലിജന്റ്സ് സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല എന്നത് അമ്പരപ്പിക്കുന്നു.
പരാതികൾ സ്വീകരിക്കാനോ നടപടിയെടുക്കാനോ പൊലീസ് സംവിധാനം മടിക്കുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു. ഹെൽപ് ഡെസ്ക് രൂപവത്കരിച്ച് ജില്ലയിലെ പരാതിക്കാരെ ക്രോഡീകരിക്കാനുള്ള സംവിധാനം സർക്കാർതലത്തിൽ ഉണ്ടാവണമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ടി. വേണുഗോപാൽ, സെക്രട്ടറി കെ. ദിവാകരൻ, വൈസ് പ്രസിഡന്റ് പുഷ്പ ശശികുമാർ, കെ.വി. മുനീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.