കൊല്ലങ്കോട്: ഒന്നാം വിള നെല്ല് സപ്ലൈകോയിലേക്ക് നൽകി പൈസ ലഭിക്കാത്ത കർഷകരുടെ നേതൃത്വത്തിൽ സപ്ലൈകോ ഓഫിസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുക ലഭിക്കാത്തതിനാൽ കൃഷിയിറക്കുന്നതിൽ പ്രയാസമുണ്ടെന്നും ബാങ്ക് വായ്പകൾ തിരിച്ചടവ് തുടങ്ങിയതായും വിവിധ കുടുംബാവശ്യങ്ങൾക്കും ചികിത്സാവശ്യങ്ങൾക്കും തുക ഇല്ലാതെ പ്രയാസപ്പെടുന്നതായും കർഷകർ പറഞ്ഞു. ചില കർഷകരുടെ വീടുകളിൽ പ്രധാന വിശേഷങ്ങൾ പോലും മാറ്റിവെക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കർഷകർ പങ്കുവെച്ചു.
ഉദ്യോഗസ്ഥരുമായ ചർച്ചയിൽ ഫെബ്രുവരി 23നകം മുഴുവൻ കർഷകരുടെയും പൈസ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായി ചർച്ചക്ക് നേതൃത്വം നൽകിയ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ഉറപ്പിന്റെ അടിസ്ഥാനത്തിൽ കർഷകർ ചർച്ച അവസാനിപ്പിച്ചു. സംഭരണ തുക നിശ്ചയിച്ച ദിവസത്തിൽ ലഭിച്ചില്ലെങ്കിൽ കർഷകരുടെ നേതൃത്വത്തിൽ സപ്ലൈ ഓഫിസ് ഉപരോധിക്കുമെന്ന് കർഷക സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.
രക്ഷാധികാരി ചിദംബരം കുട്ടി, പ്രസിഡന്റ് സി. വിജയൻ, വൈസ് പ്രസിഡന്റ് ശിവാനന്ദൻ, സെക്രട്ടറി സി. പ്രഭാകരൻ, മുരളി പല്ലശ്ശന, ബാബു അത്തിക്കോട്, ശെൽവൻ കിണാശ്ശേരി, കെ.സി. രാമദാസ് എലവഞ്ചേരി, സുബ്രഹ്മണ്യൻ നല്ലേപ്പുള്ളി, മുരളി കുറ്റിപ്പാടം, ജയരാജൻ കൊല്ലങ്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.