അമ്പലപ്പാറ പുഴയോരത്ത് സംസ്കരിച്ച കാട്ടാനയുടെ ജഡം മാറ്റി സംസ്കരിക്കുന്നതിന് പുറത്തെടുത്തപ്പോൾ
അലനല്ലൂർ: അമ്പലപ്പാറ പുഴയോരത്ത് സംസ്കരിച്ചിരുന്ന കാട്ടാനയുടെ ജഡം നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ പുറത്തെടുത്ത് മാറ്റി സംസ്കരിച്ചു. കഴിഞ്ഞ ദിവസം വെള്ളിയാർ പുഴയിലെ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ പിടിയാനയുടെ ജഡമാണ് പുഴയിൽനിന്ന് 15 മീറ്റർ മാത്രം മാറി സ്വകാര്യ സ്ഥലത്ത് വനംവകുപ്പ് സംസ്കരിച്ചിരുന്നത്.
പുഴയിൽനിന്ന് മതിയായ അകലം പാലിക്കാതെയാണ് ജഡം സംസ്കരിച്ചതെന്നും നിരവധി പേർ കുടിവെള്ളത്തിനടക്കം ആശ്രയിക്കുന്നത് പുഴയെയാണെന്നും ചൂണ്ടിക്കാണിച്ച് ജഡം മറ്റൊരിടത്തേക്ക് മാറ്റി സംസ്കരിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തുകയായിരുന്നു.
ഇതേതുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ മണ്ണുമാന്തിയന്ത്രത്തിെൻറ സഹായത്തോടെ ജഡം പുറത്തെടുത്ത് വൈകീട്ടോടെ കച്ചേരിപറമ്പ് മുളക് വെള്ളം റിസർവ് വനത്തിൽ സംസ്കരിച്ചു.
പുഴയോരത്ത് സംസ്കരിക്കാതെ വനത്തിലേക്ക് കൊണ്ടുപോകാനാണ് ആദ്യമേ വനംവകുപ്പ് തീരുമാനിച്ചിരുന്നതെന്നും എന്നാൽ, ശക്തമായ മഴയെ തുടർന്നാണ് സ്വകാര്യ സ്ഥലത്ത് ജഡം സംസ്കരിക്കേണ്ടി വന്നതെന്നും തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം. ശശികുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.