കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് ഊരിയതിൽ പ്രതിഷേധിച്ച്
പഞ്ചായത്തംഗം വി.എം. അൻവർ സാദിക്കിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
മണ്ണൂർ: കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയിലെ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് നഗരിപ്പുറം കെ.എസ്.ഇ.ബി ഓഫിസിലിരുന്ന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധം.
മണ്ണൂർ പഞ്ചായത്തിലെ അഞ്ചാംവാർഡിലെ 30 കുടുംബഗങ്ങളുടെ ആശ്രയകേന്ദ്രമായ പുന്നെകാട്ട് പറമ്പ് മിനി കുടിവെള്ള പദ്ധതിയുടെ വൈദ്യുതി കണക്ഷനാണ് ഗ്രാമപഞ്ചായത്തിനെ പോലും അറിയിക്കാതെ ഈ മാസം രണ്ടിന് ഇലക്ട്രിസിറ്റി ജീവനക്കാർ വിച്ഛേദിച്ചത്. ഇതോടെ ഒരാഴ്ചയിലേറെയായി മേഖലയിലെ ജലവിതരണം നിലച്ചു. തുടർന്നാണ് വാർഡംഗം വി.എം. അൻവർ സാദിക്കിന്റെ നേതൃത്വത്തിൽ വൈദ്യുതി ഓഫിസിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മേഖലയിലെ ജലക്ഷാമം പരിഹരിക്കാൻ ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയാണിത്. മണ്ണൂർ ഗ്രാമ പഞ്ചായത്താണ് വൈദ്യുതി ബിൽ അടക്കേണ്ടത്. 740 രൂപ മാത്രമാണ് അടക്കാനുണ്ടായിരുന്നത്. പഞ്ചായത്ത് സെക്രട്ടറിയെ പോലും അറിയിക്കാതെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് അൻവർ സാദിക്ക് പരാതിപ്പെട്ടു. വാക്കുതർക്കങ്ങൾക്കൊടുവിൽ സ്വന്തം കൈയിൽ നിന്നും വൈദ്യുതി ചാർജ് അടച്ചാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉടൻ തന്നെ കണക്ഷനും നൽകി. എന്നാൽ, കഴിഞ്ഞമാസം 31നും ഈ മാസം ഒന്നിനും പദ്ധതിയുടെ ബില്ലടക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടന്ന് എ.ഇ ശെൽവരാജ് പറഞ്ഞു. മുസ്ലിം ലീഗ് ഭാരവാഹികളായ പി.എം. ഇക്ബാൽ, പി.എസ്. സുലൈമാൻ, കെ.പി. മുനീർ എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ബിൽ തുക അടക്കാൻ കെ.എസ്.ഇ.ബി അറിയിപ്പ് നൽകിയിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടേയും പ്രസിഡന്റിന്റേയും മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.