പാലക്കാട്: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്താനും അവരെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനുമായി സർക്കാർ നടപ്പാക്കുന്ന ‘കൈവല്യ’ സ്വയംതൊഴിൽ വായ്പാപദ്ധതിയിൽ ജില്ലയിൽ കഴിഞ്ഞ ഒന്നര വർഷമായി ഒരു അനക്കവുമില്ല. 2025 ജനുവരി ഒന്നുമുതൽ പദ്ധതിയിലേക്ക് 84 അപേക്ഷകൾ ലഭിച്ചിട്ടും ഒരാൾക്ക് പോലും ഇതുവരെ വായ്പയോ ധനസഹായമോ അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കൽപാത്തി സ്വദേശി അബ്ദുൽ മുത്തലിഫ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് ജില്ല എംപ്ലോയ്‌മെന്റ് ഓഫിസിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. കൈവല്യ പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത അർഹരായ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 50,000 രൂപ വരെ വായ്പ അനുവദിക്കും. ഇതിന്റെ 50 ശതമാനം സബ്സിഡിയായാണ് ലഭിക്കുക. അഞ്ച് വർഷമാണ് തിരിച്ചടവ് കാലാവധി. 21 മുതൽ 55 വയസ്സ് വരെയുള്ളവർക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക.
സർക്കാർ തന്നെ ആനുകൂല്യവും സബ്സിഡിയും പ്രഖ്യാപിച്ചിട്ടും അപേക്ഷകർക്ക് അത് ലഭിക്കാതെ പോകുന്ന സാഹചര്യമാണുള്ളത്. അപേക്ഷകൾ സ്വീകരിച്ച ശേഷം അവയിൽ സമയബന്ധിതമായി തീരുമാനമെടുക്കാതെ നീണ്ടുപോകുന്നത് അപേക്ഷകരെ പ്രതിസന്ധിയിലാക്കുന്നു. അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കിയിട്ടുണ്ടോ അർഹരായവരെ കണ്ടെത്തിയിട്ടുണ്ടോ അപേക്ഷകൾ ഏതെങ്കിലും നടപടിക്രമത്തിൽ കുടുങ്ങിക്കിടക്കുകയാണോ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് വ്യക്തത നൽകണം. സ്വയംതൊഴിൽ സംരംഭം ആരംഭിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് നിരവധി ഭിന്നശേഷിക്കാർ പദ്ധതിയിൽ അപേക്ഷ നൽകുന്നത്. എന്നാൽ, അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം അവരുടെ പദ്ധതികളെ അനിശ്ചിതത്വത്തിലാക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തൊഴിലവസരങ്ങൾ പരിമിതമായ ഭിന്നശേഷിക്കാർക്കും ആശ്വാസമാകേണ്ട പദ്ധതിയാണ് നടപടിക്രമങ്ങളിലെ കാലതാമസം മൂലം ഫലപ്രദമാകാതെ പോകുന്നത്. ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി ഗുണഭോക്താക്കൾക്ക് പ്രയോജനപ്പെടാതെ ഫയലുകളിൽ മാത്രം ഒതുങ്ങുന്നത് അംഗീകരിക്കാനാകില്ലെന്ന വിമർശനമുയരുന്നുണ്ട്. 84 അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് അർഹരായവർക്ക് വായ്പയും സബ്സിഡിയും അനുവദിക്കണമെന്നും അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.