പാലക്കാട്: എല്ലാ ജില്ലകളിലും ജില്ല സഹകരണ ബാങ്ക് ആരംഭിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നടപടികൾ പുരോഗമിക്കേ കേരള ബാങ്കിൽ നിയമനത്തിന് പി.എസ്.സി ശിപാർശ ചെയ്ത 409 ക്ലർക്ക്/കാഷ്യർ ഉദ്യോഗാർഥികൾ ആശങ്കയിൽ. ജനറൽ വിഭാഗത്തിൽ 207, സഹകരണസംഘം ജീവനക്കാർക്ക് സംവരണം ചെയ്തതിൽ 202 ഒഴിവുകളിലേക്കാണ് നിയമന ശിപാർശ നൽകിയിട്ടുള്ളത്.
സൊസൈറ്റി കാറ്റഗറി പ്രകാരം പ്രാഥമിക സഹകരണ ബാങ്കുകളിലും അർബൻ ബാങ്കുകളിലും മൂന്നുവർഷത്തിലധികമായി ജോലി ചെയ്യുന്ന ഉദ്യോഗാർഥികൾക്കാണ് 50 ശതമാനം സംവരണമുള്ളത്. നിലവിലെ ജോലി ഉപേക്ഷിച്ച് കേരള ബാങ്കിൽ ജോലിയിൽ പ്രവേശിച്ചാൽ കേന്ദ്ര നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ജോലിസ്ഥിരത ഉറപ്പിക്കാനാകുമോ എന്ന ആശങ്കയിലാണ് ഇവർ.
കേന്ദ്രസർക്കാർ ത്രിതല സഹകരണ ബാങ്ക് എന്ന മാതൃക നടപ്പാക്കാൻ നബാർഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ചെയർമാനായ കൗൺസിലിനെ നിയോഗിച്ചിട്ടുണ്ട്. കേരള ബാങ്കിന്റെ നിർദേശമനുസരിച്ച് സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ ബന്ധിപ്പിച്ച് പൊതു സോഫ്റ്റ്വെയർ നടപ്പാക്കാനുള്ള പദ്ധതി നിർവഹണഘട്ടത്തിലാണ്. കേന്ദ്രത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും ഈ പരിഷ്കരണം നടപ്പാക്കുന്നത്. ഇതു പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകൾ പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാകുമെന്ന ആശങ്കയുമുണ്ട്.
ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് സംസ്ഥാനം കേരള ബാങ്ക് രൂപവത്കരിച്ചത്. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചിട്ടില്ല. കേരളത്തിൽ കേരള ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണ ബാങ്കിന്റെ 1200 കോടി രൂപയോളം ഓഹരിയായി കേരള ബാങ്കിലുണ്ട്. കേന്ദ്രസർക്കാർ കേരളത്തിൽ ജില്ല സഹകരണ ബാങ്കുകൾ രൂപവത്കരിച്ചാൽ ഈ ഓഹരികളൊക്കെ ജില്ല സഹകരണ ബാങ്കിലേക്ക് മാറ്റേണ്ടിവരും. കൂടാതെ, കേരള ബാങ്കിന് യാതൊരു സാമ്പത്തികസഹായവും ലഭിക്കുകയില്ലെന്ന ആശങ്കയുമുണ്ട്.
അസി. ബ്രാഞ്ച് മാനേജർ തസ്തികയിൽ 200 നിയമനങ്ങളും ലാസ്റ്റ്ഗ്രേഡ് തസ്തികയിൽ 250ഓളം നിയമനങ്ങളും കേരള ബാങ്കിൽ ഉടൻ നടക്കും. അസി. ബ്രാഞ്ച് മാനേജർ തസ്തികയിൽ ചുരുക്കപ്പട്ടികക്കു ശേഷമുള്ള അഭിമുഖം അന്തിമഘട്ടത്തിലാണ്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ 250ഓളം പേരുടെ നിയമനത്തിനും പി.എസ്.സി ചുരുക്കപ്പട്ടികയായിട്ടുണ്ട്. നിയമന ഉത്തരവ് കാത്തിരിക്കുന്ന ഇവരൊക്കെ ആശങ്കയിലാണ്. 2019ൽ നിലവിൽവന്ന കേരള ബാങ്കിൽ 5000ത്തിലധികം ജീവനക്കാർ ഇപ്പോഴുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.