രാഹുൽ, സഞ്ജയ്, പാർസലിലെ കഞ്ചാവ് പരിശോധിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർ
കൊല്ലങ്കോട്: പോസ്റ്റ് ഓഫിസിൽ പാർസലായി വന്നത് 7.3 കിലോ കഞ്ചാവ്. സംഭവത്തിൽ സഹോദരങ്ങളായ രണ്ടുപേർ പിടിയിൽ. കൊല്ലങ്കോട് സൗത്ത് പാവടി ശ്രീനിവാസ് വീട്ടിൽ സഞ്ജയ് (22), രാഹുൽ (26) എന്നിവരാണ് പിടിയിലായത്. സഞ്ജയിന്റെ വിലാസത്തിലാണ് മേഘാലയയിൽനിന്ന് ഏഴിലധികം കവറുകൾ ഒരു പെട്ടിയിലാക്കി കൊല്ലങ്കോട് പോസ്റ്റ് ഓഫിസിൽ വന്നത്. പാർസൽ കൈപ്പറ്റി തിരിച്ചുപോകാൻ ശ്രമിക്കവേയാണ് ഇരുവരെയും എക്സൈസ് പിടികൂടിയത്.
മേഘാലയ വെസ്റ്റ് കാശി ഹിൽസ് ജില്ലയിലെ മിറാഗ് പോസ്റ്റ് ഓഫിസിൽനിന്നാണ് കൊല്ലങ്കോട്ടേക്ക് ചെറു കവറുകളിലായി പാർസൽ വന്നത്. പോസ്റ്റ്മാൻ അവധിയായതിനാൽ പാർസൽ വാങ്ങാൻ ഉടമയെ പോസ്റ്റ് ഓഫിസിൽനിന്ന് ഫോണിൽ വിളിച്ചറിയിച്ചിരുന്നു.
തുടർന്ന് പാർസൽ വാങ്ങാനെത്തിയ വ്യക്തിയോട് അധികൃതർ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടു. പാർസലിൽ എന്താണെന്ന് ചോദിച്ചപ്പോൾ വസ്ത്രമാണെന്നും യന്ത്രഭാഗങ്ങളാണെന്നും മാറിമാറി പറഞ്ഞു.
തിരിച്ചറിയൽ രേഖയുമായി വരുന്നതിന് മുമ്പ് പാർസലിലെ ചെറുദ്വാരം വഴി ഗന്ധം പുറത്തു വന്നപ്പോഴാണ് എക്സൈസ് അധികൃതർക്ക് വിവരം കൈമാറിയതെന്ന് പോസ്റ്റ് ഓഫിസ് അധികൃതർ പറഞ്ഞു. കൊല്ലങ്കോട്ടെ കഞ്ചാവ് മൊത്ത വിൽപനക്കാരന് വേണ്ടിയുള്ള കഞ്ചാവാണ് പിടികുടിയതെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സമീർ പറഞ്ഞു.
മുഖ്യ സൂത്രധാരനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു. കൊല്ലങ്കോട് എക്‌സൈസ് ഇൻസ്‌പെക്ടർ കെ. റിവർ ദാസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ, കെ.വി. രൂപേഷ്, ജി. പ്രഭ, കെ. രാജേഷ്, കെ. വെള്ളകുട്ടി, പ്രിവേന്റീവ് ഓഫിസർമാരായ വി. ശിവകുമാർ, സി. രമേശ് കുമാർ, എസ്. സൈദ് അൽ മാസ്, എസ്. നടേഷ് കുമാർ, സി.ഇ.ഒമാരായ കെ. ബിജുലാൽ, ജി. വിജേഷ് കുമാർ, എം. അഷറഫലി, എം. ദീപക്, എം. ധന്യ, എസ്. സന്ധ്യ, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ വി. രാധാകൃഷ്ണൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.