പാലക്കാട്: ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും സർജിക്കൽ ഉപകരണങ്ങളുടെയും ജനറിക് പേരുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ജില്ല കലക്ടർ നിർദേശം നൽകി. രോഗികൾക്ക് മരുന്ന് കുറിപ്പടി നൽകുമ്പോൾ മരുന്നുകളുടെ ബ്രാൻഡ് പേരുകൾ എഴുതാതെ ജനറിക് പേരുകൾ മാത്രം എഴുതണമെന്നാണ് നിർദേശം.
ഇത് സംബന്ധിച്ച് കലക്ടർ ജില്ല മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകി. ഡോക്ടർമാർക്കുള്ള കേന്ദ്രസർക്കാരിന്റെ തൊഴിൽ പെരുമാറ്റച്ചട്ടവും സുപ്രീംകോടതിയും ഈ കാര്യം സൂചിപ്പിച്ച് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് കലക്ടറുടെ ഇടപെടൽ.
പല ഡോക്ടർമാരും വില കൂടിയ ബ്രാൻഡ് മരുന്നുകൾ എഴുതുന്നത് പതിവാക്കിയിരിക്കുകയാണ്. ചില ബ്രാൻഡ് മരുന്നുകൾ ലഭിക്കണമെങ്കിൽ എല്ലാ മെഡിക്കൽ ഷോപ്പുകളിലും കയറിയിറങ്ങേണ്ട അവസ്ഥയാണ്. ടാർജറ്റ് തികക്കാൻ ആവശ്യത്തിലധികം മരുന്ന് കുറിച്ചു നൽകുന്നവരുമുണ്ട്.
സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ മരുന്നുകളുടെ ബ്രാൻഡ് പേരുകൾ എഴുതി കുറിപ്പടി നൽകുന്നത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ചില മെഡിക്കൽ ഷോപ്പുകളിൽ മാത്രമേ ഇത്തരം മരുന്നുകൾ ലഭിക്കൂ. മെഡികെയർ, ജൻ ഔഷധി തുടങ്ങി കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭിക്കുന്ന സർക്കാർ മെഡിക്കൽ ഷോപ്പുകളിൽ ഇത് കിട്ടാതാവുന്നതോടെ കൂടിയ വില നൽകി സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽനിന്നും വാങ്ങാൻ സാധാരണക്കാർ നിർബന്ധിതരാകും.
ഇത് രോഗികൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കുത്തക മരുന്ന് കമ്പനികളുടെ ചൂഷണത്തിൽനിന്ന് സാധാരണക്കാരെ മോചിപ്പിക്കാനാണ് മരുന്നുകളുടെ ജനറിക് നാമം എഴുതണമെന്ന നിർദേശം സർക്കാർ പുറത്തിറക്കിയത്. ജില്ല മെഡിക്കൽ ഓഫിസറുടെ കീഴിലെ ഡോക്ടർമാർക്കെല്ലാം ഇത് സംബന്ധിച്ച നിർദേശം നൽകണമെന്നും കലക്ടറുടെ കത്തിൽ പറയുന്നു. പല മരുന്നുകൾക്കും അമിതവിലയാണ് കുത്തക കമ്പനികൾ ഇടാക്കുന്നത്. രോഗികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ബ്രാൻഡ് മരുന്നിന്റെ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.