പാലക്കാട് നഗരസഭയിലും വോട്ട് വർധിപ്പിക്കാനാവാതെ ബി.ജെ.പി
പാലക്കാട്: പ്രചാരണവും വാക് പോരാട്ടങ്ങളും ശക്തമായിരുന്നെങ്കിലും ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ വോട്ട് വർധിപ്പിക്കാനാകാതെ ശോഭ സുരേന്ദ്രൻ.പാലക്കാട് നഗരസഭയിലെ 128 ബൂത്തുകളിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. കൽപാത്തി ഉൾപ്പെടെയുള്ള ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ സാമുദായിക വോട്ടുകൾ നിർണായകമായി. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ. റസാക്ക് ന്യൂനപക്ഷ വോട്ടുകൾ നേടിയാൽ ബി.ജെ.പിക്ക് അത് സഹായകമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാൻ എൻ.എം.ആറിന് കഴിഞ്ഞില്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിനേക്കാളും 3362 വോട്ടുകളാണ് ഇത്തവണ എൽ.ഡി.എഫിന് മണ്ഡലത്തിലാകെ കുറഞ്ഞത്.
25 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. അതുകൊണ്ട് തന്നെ നഗരസഭ പരിധിയിൽ വോട്ട് വർധിപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബി.ജെ.പി.ശ്രീരാമപാളയം, മൂത്താത്തറ, വടക്കന്തറ, മാങ്കാവ് തുടങ്ങിയ ബി.ജെ.പി കോട്ടകളിൽ ശോഭക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ കൂടുതലുള്ള പറക്കുന്നത്ത് ശോഭ സുരേന്ദ്രന് ഒമ്പത് വോട്ടുകളും ബിഗ്ബസാറിന് സമീപത്തുള്ള നെയ്ത്തുകാരത്തെരുവിൽ മൂന്ന് വോട്ടുകളും മാത്രമാണ് ശോഭക്ക് ലഭിച്ചത്. ഇവിടങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ തേരോട്ടമായിരുന്നു. നൂറണിയിലെ 41, 44 ബൂത്തുകളിൽ 19, 16 എന്നിങ്ങനെ വോട്ടുകളാണ് ശോഭക്ക് ലഭിച്ചത്. മറ്റു ബൂത്തുകളിലെല്ലാം മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ചവെച്ചത്.
എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി എൻ.എം.ആർ. റസാക്കിന് പാലക്കാട് നഗരസഭയിൽ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല. ന്യൂനപക്ഷ വോട്ടുകളുള്ള പ്രദേശങ്ങളിൽ പോലും യു.ഡി.എഫിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. പാലക്കാട് നഗരസഭക്ക് പുറമേ മാത്തൂർ, കണ്ണാടി, പിരായിരി പഞ്ചായത്തുകളിലും കടുത്ത മത്സരമാണ് നടന്നത്.യു.ഡി.എഫും ബി.ജെ.പിയും ഇഞ്ചോടിഞ്ച് മുന്നിട്ട് നിന്ന മത്സരത്തിൽ എൽ.ഡി.എഫ് എല്ലാ ബൂത്തുകളിലും മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു. വോട്ടെണ്ണിൽ മൂന്ന് റൗണ്ടുകളിൽ മാത്രമാണ് ശോഭക്ക് മുന്നിട്ട് നിൽക്കാനായത്.2016ൽ നേടിയതിനേക്കാളും ഒമ്പതിനായിരത്തോളം വോട്ട് കൂടുതൽ പിടിക്കാൻ ഇത്തവണ ശോഭക്ക് കഴിഞ്ഞു എന്നത് മാത്രമാണൊരു നേട്ടം. എൽ.ഡി.എഫ് ഭരിക്കുന്ന മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ പാർട്ടിക്ക് ഒരുവിധ ചലനവും ഉണ്ടാക്കാനായില്ല. യു.ഡി.എഫ് ഭരിക്കുന്ന പിരായിരി എപ്പോഴത്തെയും പോലെ ഇത്തവണയും പാർട്ടിക്കൊപ്പം തന്നെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.